മുംബൈ- അഴിമതി കേസില്‍ മഹാരാഷ്ട്ര മുന്‍ ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്, സസ്‌പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥര്‍ സച്ചിന്‍ വാസെ, കുന്ദന്‍ ഷിന്‍ഡെ എന്നിവരെ സി.ബി.ഐ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.
കേസില്‍ ദേശ്മുഖിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഏപ്രില്‍ എട്ടിന് പരിഗണിക്കും. മാര്‍ച്ച് 25ന് ദേശ്മുഖ് സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അനില്‍ ദേശ്മുഖ് ആര്‍തര്‍ റോഡ് ജയിലിലാണ്.
1992 മുതല്‍ വഹിച്ചിരുന്ന പദവികള്‍ ഉപയോഗിച്ച് 100 കോടി രൂപ തട്ടിയെടത്തുവെന്നും കള്ളപ്പണം വെളുപ്പിച്ചുവെന്നുമാണ് ഫെബ്രുവരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ദേശ്മുഖിനെതിരെ സമര്‍പ്പിച്ച കുറ്റപത്രം.
അനധികൃതമായി സമ്പാദിച്ച പണം മക്കളുടെയോ അടുത്ത സുഹൃത്തുക്കളുടേയോ ഉടമസ്ഥതയിലുള്ള 13 കമ്പനികളിലായി നിക്ഷേപിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ വഴിയാണ് ദേശ്മുഖ് പണം സ്വീകരിച്ചതെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കുന്നു.
ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, സിഎക്കാര്‍, രാഷ്ട്രീയക്കാര്‍, ബാറുടമകള്‍ എന്നിവരടക്കം 51 പേരുടെ മൊഴി ഇ.ഡി ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്.
16 വര്‍ഷത്തെ സസ്‌പെന്‍ഷനു ശേഷം മുംബൈ പോലീസില്‍ തിരിച്ചെടുക്കാന്‍ ദേശ്മുഖ് തന്നോട് രണ്ട് കോടി രൂപ ആവശ്യപ്പെട്ടതായി പിരിച്ചുവിട്ട മുംബൈ പോലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെ എന്‍ഫോഴ്‌സമെന്റിനോട് പറഞ്ഞതായി കുറ്റപത്രത്തില്‍ പറയുന്നു.
പല രാഷ്ട്രീയക്കാരും തന്നെ തിരിച്ചെടുക്കുന്നതിന് എതിരാണെന്ന് വാസെ പറഞ്ഞിരുന്നു. 2021 ജൂണ്‍ 16ന് സഹ്യാദ്രി ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി ദേശ്മുഖ് രാഷ്ട്രീയക്കാരുമായി താന്‍ സംസാരിച്ചുവെന്നും അവര്‍ സഹകരിക്കുമെന്നും ഉറപ്പ് നല്‍കിയതായും കുറ്റപത്രത്തില്‍ പറയുന്നു.
സച്ചിന്‍ വാസില്‍ നിന്നാണ് ദേശ്മുഖിന് പതിവായി വിവരങ്ങള്‍ ലഭിച്ചിരുന്നതെന്നും മുംബൈയിലെ വിവിധ ബാറുകള്‍, റെസ്‌റ്റോറന്റുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് പ്രതിമാസം 100 കോടി രൂപ പിരിച്ചെടുക്കുന്ന റാക്കറ്റില്‍ ഇരുവരും പങ്കാളികളാണെന്നും ഇ.ഡി വ്യക്തമാക്കി.
ദേശ്മുഖിന്റെ മക്കളായ ഋഷികേശ് ദേശ്മുഖ്, സലില്‍ ദേശ്മുഖ്, ഭാര്യ ആരതി ദേശ്മുഖ് എന്നിവര്‍ അന്വേഷണത്തില്‍ സഹകരിക്കുന്നില്ലെന്നും ഇ,ഡി കുറ്റപത്രത്തില്‍ പറയുന്നു.
ഋഷികേശ് ദേശ്മുഖിന് ആറ് തവണ സമന്‍സ് അയച്ച് അന്വേഷണത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഒരിക്കല്‍ പോലും ഹാജരായിട്ടില്ല. രണ്ടുതവണ വിളിച്ചെങ്കിലും സലിലും ചോദ്യം ചെയ്യലിനായി ഹാജരായില്ല.
ആരതി ദേശ്മുഖിനോട് 2021 ജൂലൈ 14, 2021 ജൂലൈ 16 തീയതികളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അവരും അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരായിട്ടില്ല.
കഴിഞ്ഞ വര്‍ഷം നവംബറിലാണ് മുന്‍ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെ ഇ.ഡി അറസ്റ്റ് ചെയ്തത്.
പിരിച്ചുവിട്ട അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസിനോട് മുംബൈയിലെ ഹോട്ടലുകളില്‍ നിന്നും ബാറുകളില്‍ നിന്നും പ്രതിമാസം 100 കോടി രൂപ പിരിച്ചെടുക്കാന്‍ അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടതായി മുന്‍ മുംബൈ പോലീസ് കമ്മീഷണര്‍ പരം ബീര്‍ സിംഗ് ആരോപിച്ചിരുന്നു.
അതേസമയം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ നിന്ന് സ്‌ഫോടകവസ്തുക്കള്‍ കണ്ടെടുത്തതുമായി ബന്ധപ്പെട്ട അന്വേഷണവുമായി ബന്ധപ്പെട്ട് സച്ചിന്‍ വാസിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) 2021 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്തിരുന്നു.