ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷ പിന്തുണ നഷ്ടപ്പെട്ടതോടെ ഏതു നിമിഷവും പുറത്തായേക്കാവുന്ന നിലയിലുള്ള പ്രധാനമന്ത്രി ഇംറാന്‍ ഖാനു പകരം പ്രധാനമന്ത്രിയാകാന്‍ പോകുന്നത് പ്രതിപക്ഷ നേതാവ് ഷഹബാസ് ശരീഫാണ്. മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ സഹോദരനായ ഷഹബാസ് പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് പ്രസിഡന്റു കൂടിയാണ്. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാന്‍ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സഖ്യകക്ഷി പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്നതോടെ ഭൂരിപക്ഷം നഷ്ടമായ പ്രധാനമന്ത്രി ഇംറാനെതിരെ അവിശ്വാസ പ്രമേയവും അവതരിപ്പിച്ചിട്ടുണ്ട്. ഇതിന്‍മേല്‍ വോട്ടിങ് നടക്കാനിരിക്കുകയാണ്. തിങ്കളാഴ്ച ഷഹബാസ് ആണ് ഈ പ്രമേയം നാഷനല്‍ അസംബ്ലിയില്‍ അവതരിപ്പിച്ചത്.
പുറത്താക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി നവാസ് ശരീഷ് ലണ്ടനിലേക്ക് പോയതോടെ പാര്‍ട്ടിയെ നയിക്കുന്നത് ഷഹബാസാണ്. നാഷനല്‍ അസംബ്ലിയിലെ പ്രതിപക്ഷ നേതാവു കൂടിയാണ് ഷഹബാസ്. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി ദീര്‍ഘകാലം അധികാരത്തിലിരുന്നിട്ടുണ്ട്. 1997ലാണ് ആദ്യമായി മുഖ്യമന്ത്രിയായത്. എന്നാല്‍ 1999ല്‍ ജനറല്‍ പര്‍വേഷ് മുഷറഫ് പട്ടാള അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്തതോടെ പാക്കിസ്ഥാന്‍ വിട്ട ഷഹബാസ് എട്ടു വര്‍ഷം സൗദി അറേബ്യയില്‍ പ്രവാസത്തിലായിരുന്നു. പിന്നീട് ഷഹബാസും നവാസും 2007ല്‍ പാക്കിസ്ഥാനില്‍ മടങ്ങിയെത്തി. 2008ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വീണ്ടും ജയിച്ചതോടെ ഷഹബാസ് വീണ്ടും പഞ്ചാബ് മുഖ്യമന്ത്രിയായി. പിന്നീട് 2013ലും മുഖ്യമന്ത്രിയായി. 2018ലെ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ പ്രതിപക്ഷ നേതാവായി രംഗത്തു വരികയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് 2020ല്‍ ഷഹബാസ് അറസ്റ്റിലായിരുന്നു. 2021 ഏപ്രിലിലാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. 2019ല്‍ പാക് അഴിമതി വിരുദ്ധ ഏജന്‍സ് ഷഹബാസിന്റേയും മകന്‍ ഹംസയുടേയും 23 സ്വത്തുവകകള്‍ മരവിപ്പിച്ചിരുന്നു.