Sorry, you need to enable JavaScript to visit this website.

ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വീടിനടുത്ത് രാത്രി പ്രക്ഷോഭവുമായി ജനങ്ങള്‍; പോലീസുമായി ഏറ്റുമുട്ടി, വാഹനം കത്തിച്ചു

കൊളംബോ- സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട് ഉഴലുന്ന ശ്രീലങ്കയില്‍ ജീവിതം പൊറുതിമുട്ടിയതോടെ ജനങ്ങള്‍ പ്രസിഡന്റിന്റെ വീടിനു സമീപം പ്രക്ഷോഭവുമായി തെരുവിലിറങ്ങി. പ്രസിഡന്റ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അയ്യായിരത്തിലേറെ പേരാണ് വ്യാഴാഴ്ച രാത്രി പ്രതിഷേധ മാര്‍ച്ചുമായി പ്രസിഡന്റിന്റെ വസതിക്കു സമീപത്തെത്തിയത്. പ്രക്ഷോഭകര്‍ പോലീസുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാരെ നേരിടാന്‍ അര്‍ധസൈനികരായ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിനെ രംഗത്തിറക്കി. 

പ്രസിഡന്റ് ഗോത്തബയ രജപക്‌സെയും കുടുംബവും വീട്ടിലേക്കു മടങ്ങണമെന്ന ആവശ്യവുമായി വ്യാഴാഴ്ച വൈകുന്നേരമാണ് ജനങ്ങള്‍ പ്രതിഷേധവുമായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിക്കു സമീപം തമ്പടിക്കാന്‍ തുടങ്ങിയത്. ഗോത്തബയയുടെ സഹോദരനും മുന്‍ പ്രസിഡന്റുമായ മഹിന്ദ രജപക്‌സെയാണ് പ്രധാനമന്ത്രി. പ്രസിഡന്റിന്റെ ഇളയ സഹോദരന്‍ ബാസില്‍ രജപക്‌സെയാണ് ധനമന്ത്രി. മറ്റൊരു സഹോദരന്‍ ചമല്‍ രജപക്‌സെ കൃഷി മന്ത്രിയും അന്തരവന്‍ നമല്‍ രജപക്‌സെ കായിക മന്ത്രിയുമാണ്. 

ഭക്ഷ്യ വസ്തുക്കള്‍ക്കും പെട്രോളിനും പാചക വാതകത്തിനും ആഴ്ചകളായി കടുത്ത ക്ഷാമമാണ്. വ്യാഴാഴ്ച വൈകീട്ടു മുതല്‍ രാജ്യത്ത് ഡീസല്‍ തന്നെ കിട്ടാതായി. ഇതോടെ രാജ്യത്തിപ്പോള്‍ ഒരു ദിവസം 13 മണിക്കൂര്‍ പവര്‍ കട്ടാണ്. വാഹനങ്ങള്‍ക്ക് നിരത്തില്‍ ഇറങ്ങാനും കഴിയാതായി. വൈദ്യുതി വിതരണം വെട്ടിക്കുറച്ചതോടെ ആശുപത്രികളുടെ പ്രവര്‍ത്തനവും അവതാളത്തിലായിരിക്കുകയാണ്. മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍ ശസ്ത്രക്രിയകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വൈദ്യുതി വിതരണം നിയന്ത്രിച്ചതോടെ മൊബൈല്‍ ടവറുകളുടെ പ്രവര്‍ത്തനത്തേയും ബാധിച്ചു. ഫോണ്‍ വിളികളുടെ വ്യക്തതയും കുറഞ്ഞു. കൊളംബോ സ്റ്റോക് എക്‌സ്‌ചേഞ്ച് ഇപ്പോള്‍ രണ്ട് മണിക്കൂര്‍ നേരത്തേക്കു മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. വൈദ്യുത ലാഭിക്കാനായി തെരുവുവിളക്കുകളും ഇപ്പോള്‍ കത്തിക്കാറില്ല.

Latest News