Sorry, you need to enable JavaScript to visit this website.

ലഗേജ് മാറിപ്പോയി, ഇൻഡിഗോ സഹായിച്ചില്ല; യാത്രക്കാരന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ആളെ കണ്ടെത്തി

ബെംഗളുരു- വിമാനയാത്രയില്‍ മാറിപ്പോയ ലഗേജ് കണ്ടെത്താന്‍ വിമാന കമ്പനിയെ ഏറെ നേരം ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടക്കാതെ വന്നതോടെ യാത്രക്കാരന്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് തന്റെ ലഗേജ് മാറി എടുത്തു കൊണ്ടു പോയ സഹയാത്രികനെ കണ്ടെത്തി. പട്‌നയില്‍ ബെംഗളുരുവിലേക്ക് പറന്ന ഇന്‍ഡിഗോ വിമാന യാത്രക്കാരനായിരുന്ന നന്ദന്‍ കുമാര്‍ ടെക്കിയാണ് ഇന്‍ഡിഗോ വെബ്‌സൈറ്റിലെ ഒരു പിഴവ് മുതലെടുത്ത് നഷ്ടപ്പെട്ട തന്റെ ലഗേജ് കണ്ടെത്തിയത്. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് യാത്രക്കാരുടെ വിവരങ്ങള്‍ ചികഞ്ഞ് തന്റെ ലഗേജ് മാറി എടുത്തുകൊണ്ടു പോയ സഹയാത്രികനെ കണ്ടെത്തുകയായിരുന്നുവെന്ന് സോഫ്റ്റ് എന്‍ജിനീയറായ നന്ദന്‍ ട്വിറ്ററിലാണ് വെളിപ്പെടുത്തിയത്. ഈ കഥ വൈറലായതോടെ വെബ്‌സൈറ്റിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും യാത്രക്കാരുടെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും വിശദീകരിച്ച് ഇന്‍ഡിഗോയും രംഗത്തെത്തി.

ഞായറാഴ്ചയാണ് നന്ദന്‍ പട്‌നയില്‍ നിന്നും ഇന്‍ഡിഗോ വിമാനത്തില്‍ ബെംഗളുരുവിലേക്ക് പറന്നത്. ബെംഗളുരുവില്‍ ഇറങ്ങി പെട്ടിയുമെടുത്ത് വീട്ടിലെത്തിയപ്പാഴാണ് പെട്ടി മാറിയ കാര്യം അറിഞ്ഞതെന്ന് നന്ദന്‍ പറഞ്ഞു. രണ്ടു പെട്ടികളും സമാനമായതാണ് മാറാന്‍ ഇടയാക്കിയത്. ഉടന്‍ ഇന്‍ഡിഗോ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഏറെ കാത്തിരിക്കേണ്ടി വന്നു. പെട്ടി മാറിയെടുത്ത സഹയാത്രികന്റെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സ്വകാര്യത ചൂണ്ടിക്കാട്ടി അവര്‍ തയാറായില്ല. തിരിച്ചുവിളിക്കാമെന്ന് പറഞ്ഞെങ്കിലും ആരം വിളിച്ചതുമില്ല. 

ഒരു പരിഹാരവുമില്ലാതെ വന്നതോടെയാണ് വെബ്‌സൈറ്റ് തുറന്ന് വെറുതെ പരിശോധിച്ചത്. അപ്പോള്‍ തന്നിലെ ടെക്കി ഉണരുകയും വെബ്‌സൈറ്റിലെ ഡെവലപര്‍ കണ്‍സോള്‍ തുറന്ന് അകത്ത് കടക്കുയും ചെയ്തു. ഇവിടെ നിന്നാണ് യാത്രക്കാരുടെ വിവരങ്ങള്‍ ചികഞ്ഞ് തന്റെ ലഗേജ് എടുത്തിരിക്കാന്‍ സാധ്യതയുള്ള യാത്രക്കാരന്റെ ഇമെയിലും ഫോണ്‍ നമ്പറും സംഘടിപ്പിച്ചത്. ഒടുവില്‍ ആളെ കണ്ടെത്തി. ബെംഗളുരുവില്‍ തന്റെ താമസസ്ഥലത്തിന് അടുത്തു തന്നെയായിരുന്നു അദ്ദേഹം ഉണ്ടായിരുന്നതെന്നും ലഗേജുകള്‍ പരസ്പരം കൈമാറിയെന്നും നന്ദന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ഒപ്പം ഇന്‍ഡിഗോയ്ക്ക് നന്ദന്‍ ഒരു നിര്‍ദേശവും നല്‍കി. ഉപഭോക്തൃ സേവനം ഒന്നു കൂടി ഉഷാറാക്കണം, വെബ്‌സൈറ്റില്‍ പ്രധാന വിവരങ്ങള്‍ ചോരാതെ നോക്കണം. എന്നാല്‍ ഇന്‍ഡിഗോ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ല, എല്ലാ വിവരങ്ങളും സുരക്ഷിതമാണ് എന്നായിരുന്നു ഇന്‍ഡിഗോയുടെ മറുപടി.

Latest News