പട്‌ന- മദ്യപിക്കുന്നവര്‍ ഇന്ത്യക്കാരല്ലെന്നും മഹാപാപികളാണെന്നും ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വിഷമദ്യം കഴിച്ച് ജീവന്‍ നഷ്ടപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാരിനാകില്ല. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി മദ്യപാനത്തെ എതിര്‍ത്തിരുന്നു. ഇത്തരക്കാരെ മഹാപാപികളായിട്ടാണ് അദ്ദേഹം കണ്ടതെന്നും ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ താന്‍ ഇന്ത്യക്കാരായി കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മദ്യനിരോധ നിയമം ലംഘിക്കുന്നവര്‍ക്ക് ശിക്ഷ കുറച്ചുകൊണ്ടുള്ള നിയമഭേദഗതി പാസാക്കി നിയമസഭയില്‍ സംസാരിക്കുന്നതിനിടെയാണ് നിതീഷ് കുമാര്‍ നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് വിഷമദ്യ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
മദ്യപാനം ദോഷകരമാണെന്ന് അറിഞ്ഞിട്ടും ആളുകള്‍ വ്യാജമദ്യം കഴിക്കുന്നുണ്ടെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. വ്യാജമദ്യം കഴിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്കും അനന്തരഫലങ്ങള്‍ക്കും ഉത്തരവാദി അവര്‍ തന്നെയാണ്. വ്യാജമദ്യം അപകടമുണ്ടാക്കുമെന്ന് അറിയാമെങ്കില്‍ പോലും ആളുകള്‍ ഇത്തരത്തില്‍ ലഭിക്കുന്ന മദ്യം ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ് ബിഹാറില്‍ വ്യാജമദ്യ ദുരന്തങ്ങള്‍ തുടരുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു.
സംസ്ഥാനത്ത് മദ്യനിരോധന നിയമം കടലാസില്‍ മാത്രമായി ഒതുങ്ങുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. ഉദ്യോഗസ്ഥര്‍ നിയമം കര്‍ശനമായി നടപ്പാക്കുന്നില്ലെന്നും ജനങ്ങളില്‍ നിന്ന് പണം തട്ടാനുള്ള മാര്‍ഗമായി ഉപയോഗിക്കുകയാണെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ 2016ലാണ് ബിഹാര്‍ പ്രൊഹിബിഷന്‍ ആന്‍ഡ് എക്‌സൈസ് ആക്ട് പ്രകാരം സംസ്ഥാനത്ത് മദ്യം നിരോധിച്ചത്. നിയമം നിലവില്‍ വന്നതോടെ നിരവധിയാളുകള്‍ക്കെതിരെ കേസെടുത്തു. ചെറിയ കേസില്‍ പോലും ഒരു വര്‍ഷമെടുത്താണ് പലര്‍ക്കും ജാമ്യം ലഭിച്ചത്. സാധാരണക്കാരെയും പാവങ്ങളെയുമാണ് ഇത് ഗുരുതരമായി ബാധിച്ചത്.