കൊച്ചി- നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനൊപ്പം വേദി പങ്കിട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് സംഘടിപ്പിച്ച അനുമോദന ചടങ്ങിലാണ് ഇരുവരും പങ്കെടുത്തത്.
ദിലീപിനെ രഞ്ജിത്താണ് വേദിയിലേക്ക് ക്ഷണിച്ചത് രഞ്ജിത്തിനെ പുകഴ്ത്തിയായിരുന്നു ചടങ്ങില്‍ ദിലീപിന്റെ സംസാരം. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ കെല്‍പ്പുള്ളയാളാണ് രഞ്ജിത്തെന്ന് സ്വാഗതപ്രസംഗത്തില്‍ ദിലീപ് പറഞ്ഞു.
തിയേറ്റര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുമെന്ന് രഞ്ജിത്ത് മറുപടി പ്രസംഗത്തില്‍ വ്യക്തമാക്കി. സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാലും ചടങ്ങില്‍ പങ്കെടുത്തു.
വേദി പങ്കിടല്‍ വിവാദമായതോടെ ദിലീപിന്റെ വീട്ടില്‍ ചായകുടിക്കാന്‍ പോയതല്ലെന്ന് സംവിധായകന്‍ രഞ്ജിത്ത് വിശദീകരിച്ചു. ഫിയോക്കിന്റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് പോയത്. താന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്ത് ചാടണോ എന്നും രഞ്ജിത്ത് മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചു.
ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെതിരെ നേരത്തെ വിമര്‍ശമുണ്ട്.
നടി ഭാവനയെ ചലച്ചിത്രമേളയില്‍ അതിഥിയായി ക്ഷണിച്ചതിന് പിന്നാലെയാണ് നേരത്തെ രഞ്ജിത്ത് ദിലീപിനെ ജയിലില്‍ പോയി കണ്ടത് വിവാദമായിരുന്നത്. ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ ഒരു തെറ്റുമില്ലെന്നാണ് പിന്നീട് രഞ്ജിത്ത് വിശദീകരിച്ചിരുന്നത്.