റാഞ്ചി- കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാം കേസിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായി ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടിരുന്ന ജഗന്നാഥ മിശ്രയെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. ഈ കുംഭകോണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തടവു ശിക്ഷയനുഭവിക്കുന്ന ലാലുവിനെ കഴിഞ്ഞ ദിവസം ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയില്‍ നിന്നാണ് വിധി കേള്‍ക്കാന്‍ ലാലുവിനെ നേരിട്ട് കോടതിയിലെത്തിച്ചത്. 1995 ഡിസംബറിനും 1996 ജനുവരിക്കുമിടയില്‍ ധുംക ട്രഷറിയില്‍ നിന്ന് 3.13 കോടി രൂപ തട്ടിയെടുത്ത കേസിലാണിത്. ശിക്ഷ പിന്നീട് വിധിക്കും.
അവിഭക്ത ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ 1990-കളില്‍ നടന്ന കാലിത്തീറ്റ അഴിമതിയുമായി ബന്ധപ്പെട്ട് ഇതിനകം മൂന്ന് കേസുകളില്‍ ലാലുവിനെ കോടതി ശിക്ഷിച്ചിട്ടുണ്ട്. ആദ്യ കേസില്‍ 2013-ലാണ് ലാലുവിനെ അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ചത്. രണ്ടാമത്തെ കേസില്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ സിബിഐ പ്രത്യേക കോടതി മൂന്ന് വര്‍ഷത്തെ തടവും വിധിച്ചു. ഈ വര്‍ഷം ജനുവരിയില്‍ മൂന്നാമത്തെ കേസില്‍ ചയ്ബസ ട്രഷറിയില്‍നിന്ന് പണം തട്ടിയ കേസില്‍ വിധി പറഞ്ഞ കോടതി ലാലുവിന് വീണ്ടും അഞ്ചു വര്‍ഷത്തെ തടവ് വിധിച്ചു. നാലാമത്തെ കേസിലാണിപ്പോള്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതു കൂടാതെ റാഞ്ചിയിലും പട്നയിലുമായി രണ്ടു കേസുകള്‍ കൂടി വിധി പറയാന്‍ ബാക്കിയുണ്ട്.
പട്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സിബിഐ ആണ് ഈ കേസുകള്‍ അന്വേഷിച്ചു വരുന്നത്. 2000-ല്‍ ബിഹാറിനെ വിഭജിച്ച് ജാര്‍ഖണ്ഡ് സംസ്ഥാന രൂപീകരിച്ചതോടെ കേസുകളിലേറേയും റാഞ്ചിയിലേക്ക് മാറ്റുകയായിരുന്നു.