Sorry, you need to enable JavaScript to visit this website.

ചന്ദ്രഗിരിക്കരയിൽ അപൂർവയിനം ഭീമൻ ആമകൾ; ലോകശ്രദ്ധയിലേക്ക്

ചന്ദ്രഗിരിപ്പുഴയിൽ കണ്ടെത്തിയ അപൂർവയിനം ഭീമൻ ആമകൾ. 

കാസർകോട്- ശുദ്ധജലാശയങ്ങളിൽ കാണപ്പെടുന്ന ആമകളിൽ ലോകത്തിലെ തന്നെ ഏറ്റവും വലുതും അപൂർവ ഇനവുമായ ഭീമൻ ആമകളുടെ വാസസ്ഥാനം ചന്ദ്രഗിരിക്കരയിൽ കണ്ടെത്തി. അതോടെ, ചന്ദ്രഗിരിപ്പുഴയും ഭീമൻ ആമകളുടെ വാസസ്ഥാനവും ലോകശ്രദ്ധ പിടിച്ചുപറ്റി. ആമകളുടെ കൂട്ടം തെറ്റി അലഞ്ഞ പെൺ ആമയിൽ ഒന്ന് ചത്ത നിലയിൽ കണ്ടെത്തി. 
കാസർകോട് പയസ്വിനിപ്പുഴയിൽ ആണ് ആമയുടെ ജഡം കണ്ടെത്തിയത്. 
ബാവിക്കര അണക്കെട്ടിൽ ചൊവ്വാഴ്ച വൈകിട്ടാണ് കരയിൽ അടിഞ്ഞ ആമയുടെ ജഡം നാട്ടുകാർ കണ്ടത്. ജയന്റ് സോഫ്റ്റ് ഷെൽ ടർട്ടിൽ എന്നറിയപ്പെടുന്ന ആമയ്ക്ക് ഒരു മീറ്റർ നീളവും 62 സെ.മി വീതിയുമുണ്ട്. പൂർണ വളർച്ച എത്താത്ത പെൺ ആമയാണ് ചത്തത്. ബാവിക്കര റഗുലേറ്ററിൽ കുടുങ്ങി തലയ്ക്ക് പരിക്കേറ്റാണ് ആമ ചത്തതെന്ന് വനപാലകർ പറഞ്ഞു. 40 കിലോയോളം ഭാരമുള്ള ആമയ്ക്ക് 10 വയസ് പ്രായം കണക്കാക്കുന്നു. 2010ൽ കോഴിക്കോട് കുറ്റിയാടി പുഴയിൽ കണ്ടതിനു ശേഷം പയസ്വിനി, ചന്ദ്രഗിരി പുഴകളിലാണ് ഇവയെ പിന്നീട് കണ്ടെത്തുന്നത്. അതീവ നിരീക്ഷണം വേണ്ടുന്ന ഇനമായി പ്രത്യേകം ശ്രദ്ധിക്കപ്പെടുന്ന ആമയാണ് ഇത്. 
അപൂർവങ്ങളിൽ അപൂർവവും വന്യജീവി വിഭാഗത്തിൽ പെടുന്നതുമാണിത്. വന്യജീവി ഗവേഷകർ തളങ്കരയിലെ പുഴക്കരയിൽ ഈ ആമകളുടെ അഞ്ചു മുട്ടകൾ കണ്ടെത്തിയിരുന്നു. വനംവകുപ്പിന്റെ സഹകരണത്തോടെ ഈ മുട്ടകൾ കൃത്രിമമായി വിരിയിച്ച് അഞ്ചു ആമക്കുഞ്ഞുങ്ങളെ പുഴയിൽ വിട്ടിരുന്നു. മുളിയാറിൽ ഒരു വർഷം മുമ്പ് മൽസ്യക്കുഞ്ഞുങ്ങൾ കൂട്ടത്തോടെ ചത്ത സംഭവത്തിന് ശേഷമാണ് ഈ ആമകളെ ആ ഭാഗങ്ങളിൽ കണ്ടു തുടങ്ങിയത്. പിന്നീട് വിവരം അറിഞ്ഞു വന്യജീവി ഗവേഷകയായ ഉത്തർപ്രദേശുകാരി ആരുഷി ജെയിൻ ഈ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് അവരുടെ നേതൃത്വത്തിൽ ആമകളെ കുറിച്ച് പഠനം നടത്തിവരികയായിരുന്നു. 
സംഭവം അറിഞ്ഞ് എ.സി.എഫ് ധനേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എൻ.വി സത്യൻ, ദ്രുതകർമ സേന സെക്ഷൻ ഓഫീസർ ജയകുമാരൻ, എം.പി രാജു എന്നിവർ സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു. വെറ്ററിനറി ഡോക്ടർ വിഷ്ണു വേലായുധൻ എത്തിയാണ് ജഡം പോസ്റ്റ്‌മോർട്ടം നടത്തിയത്. 
 

Latest News