Sorry, you need to enable JavaScript to visit this website.

ഫ്രാങ്കോയെ വിട്ടയച്ചതിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയില്‍

കൊച്ചി- ബലാത്സംഗ കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിയ വിചാരണ കോടതി വിധിയ്ക്കെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചു. തെളിവുകള്‍ പരിശോധിക്കുന്നതില്‍ വിചാരണ കോടതി പരാജയപ്പെട്ടുവെന്നാണ് അപ്പീലില്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസില്‍ അപ്പീല്‍ പോകാന്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കി.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കഴിഞ്ഞ ജനുവരി 14 നാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തനാക്കിയത്. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് കോടതി വ്യക്തമാക്കിയിരുന്നത്. ഇരയുടെ മൊഴിയില്‍ സ്ഥിരതയില്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിച്ചിരുന്നു. വിചാരണ കോടതിയുടെ വിധി തെറ്റായ രീതിയിലുള്ളതാണെന്ന് വ്യക്തമാക്കിയാണ് കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

വിചാരണ കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് പോലീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം സര്‍ക്കാര്‍ എ.ജിയുടെ നിയമോപദേശം തേടി. കേസില്‍ അപ്പീല്‍ പോകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു എ.ജി നല്‍കിയ മറുപടി. എ.ജിയുടെ നിയമോപദേശം കൂടി പരിഗണിച്ചാണ് കേസില്‍ അപ്പീല്‍ പോകാന്‍ പ്രോസിക്യൂഷന് അനുമതി നല്‍കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

 

Latest News