മുംബൈ- അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പോടെ മോഡി മുക്ത ഭാരതം സാക്ഷാത്ക്കരിക്കാൻ എല്ലാ പാർട്ടികളും ഒന്നിക്കണമെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവ് രാജ് താക്കറെ. മറാഠി പുതുവൽസര ദിനമായ ഞായറാഴ്ച മുംബൈയിലെ ശിവാജി പാർക്കിൽ സംഘടിപ്പിച്ച റാലിയിലാണ് അദ്ദേഹം ഈ ആഹ്വാനം നടത്തിയത്. രാജ്യത്തിന്റെയും മഹാരാഷ്ട്രയുടേയും നന്മക്ക്് മോഡി വിരുദ്ധത എന്നത് ഒരു പൊതു വിഷയമാക്കാൻ എല്ലാ പാർട്ടികളും രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2014 തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട തന്റെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് താക്കറെ റാലി സംഘടിപ്പിച്ചത്. ഈ റാലി ഇനി എല്ലാ വർഷവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മോഡിക്കെതിരായ പോരാട്ടം മൂന്നാം സ്വാതന്ത്ര്യസമരമാണ്. 2014ൽ മോഡിയെ വിശ്വസിച്ച ജനങ്ങളെ പറ്റിച്ചതാണ് തന്നെ മോഡി വിരുദ്ധനാക്കിയത്. കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ രാമക്ഷേത്രത്തിന്റെ പേരിൽ ഹിന്ദു-മുസ്ലിം കലാപം ഇളക്കിവിട്ട് രാഷ്ട്രീയ ഏകാധിപത്യത്തിന് ശ്രമിക്കുകയാണ്. രാമ ക്ഷേത്ര അജണ്ടയുടെ പേരിൽ വർഗീയ കലാപത്തിന് വലിയ ശ്രമങ്ങൾ നടക്കുന്നുണ്ട്. സുപ്രീം കോടതിയിൽ ഈ വിഷയം വീണ്ടും സജീവമാക്കി കൊണ്ടു വന്നാണ് അവരീ ശ്രമങ്ങൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ കടന്നാക്രമിച്ച രാജ് താക്കറെ തന്റെ ബദ്ധവൈരികളായ ശിവസേനയെ പരാമർശിച്ചതു പോലുമില്ല. കോൺ്ഗ്രസ്, എൻസിപി എന്നീ പാർട്ടികളേയും അദ്ദേഹം വെറുതെ വിട്ടു.