ബെംഗളുരു- കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദിയുരക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ബെംഗളുരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടു. ഉപ മുഖ്യമന്ത്രിയായിരിക്കെ 2006-07ല്‍ യെദിയുരപ്പ ഒരു ഐടി പാര്‍ക്കിനായി സ്വകാര്യ ഭൂമി ഏറ്റെടുക്കാന്‍ പുനര്‍വിജ്ഞാപനം ഇറക്കിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ ഭൂമി നിയമവിരുദ്ധമായി പുനര്‍വിജ്ഞാപനം നടത്തി മറ്റു സ്വകാര്യ കക്ഷികള്‍ക്ക് കൈമാറിയതിലൂടെ സര്‍ക്കാര്‍ ഖജനാവിനും ഭൂമിയുടെ യഥാര്‍ത്ഥ ഉടമയ്ക്കും നഷ്ടം ഉണ്ടായി എന്നാണ് ആരോപണം. ഭൂവുടമ വസുദേവ് റെഡ്ഡി സമര്‍പ്പിച്ച പരാതിയിലാണ് ഇപ്പോള്‍ കോടതി ഉത്തരവ്. ഈ ഇടപാടില്‍ അഴിമതി നടന്നിട്ടില്ലെന്ന് കണ്ടെത്തി നേരത്തെ കര്‍ണാടക ലോകായുക്ത അന്വേഷണം അവസാനിപ്പിച്ച് റിപോര്‍ട്ട് സമര്‍പ്പിച്ച കേസാണിത്.
എന്നാല്‍ ഈ ഇടപാടില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള വകുപ്പുകള്‍ പ്രഥമദൃഷ്ട്യാ ഉണ്ടെന്നും പരാതിക്കാരന് തന്റെ ആരോപണം സ്ഥാപിക്കാനുള്ള അവസരം ഉണ്ടെന്നും പ്രത്യേക കോടതി ചൂണ്ടിക്കാട്ടി. പരാതി തള്ളിക്കളയാന്‍ തക്കതായി രേഖാപരമായ ഒന്നും ഇല്ലെന്നും ജനപ്രതിനിധികള്‍ക്കെതിരായ അഴിമതിക്കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജഡ്ജ് ജയന്ത കുമാര്‍ പറഞ്ഞു.