ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയും പെന്‍ഷന്‍കാരുടെ ബത്തയും മൂന്ന് ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. ഇതോടെ അടിസ്ഥാന ശമ്പളത്തിന്റെ 34 ശതമാനം ആയി ക്ഷാമബത്ത ഉയരും. 2022 ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. ഏഴാം ശമ്പള കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള വര്‍ധനയാണിത്. ജീവനക്കാര്‍ക്കുള്ള ക്ഷാമ ബത്തയ്ക്കും പെന്‍ഷന്‍കാര്‍ക്കുള്ള ആശ്വാസ ബത്തയ്ക്കും അധികമായി വരുന്ന തുക വിതരണം ചെയ്യാനുള്ള അനുമതിയും പ്രധാനനന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ നല്‍കി. പണപ്പെരുപ്പം, ഉപഭോക്തൃ വിലക്കയറ്റം എന്നിവയുടെ അടിസ്ഥാനത്തിലാണ് ബത്തയും കൂട്ടിയത്.