Sorry, you need to enable JavaScript to visit this website.

ദളിത് ഓഫീസറെ അധിക്ഷേപിച്ച തമിഴ്‌നാട് ഗതാഗത മന്ത്രിയുടെ വകുപ്പു മാറ്റി പിന്നാക്ക ക്ഷേമ മന്ത്രിയാക്കി

ചെന്നൈ- ദളിത് വിഭാഗക്കാരനായ ബ്ലോക് ഡെവലപ്‌മെന്റ് ഓഫീസറെ (ബിഡിഒ) ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചെന്ന് ആരോപണം നേരിടുന്ന തമിഴ്‌നാട് ഗതാഗത വകുപ്പു മന്ത്രി ആര്‍ എസ് രാജ്കണ്ണപ്പന്റെ വകുപ്പ് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നിര്‍ദേശ പ്രകാരം മാറ്റി. പിന്നാക്ക വിഭാഗ ക്ഷേമകാര്യ മന്ത്രിയായാണ് രാജ്കണ്ണപ്പനെ മാറ്റി നിയമിച്ചത്. നിലവിലെ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി എസ് എസ് ശിവശങ്കറിനെ ഗതാഗത മന്ത്രിയായും നിയമിച്ചു. ഡിഎംകെ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ആദ്യത്തെ മന്ത്രിസഭാ പുനസ്സംഘടനയാണിത്. മന്ത്രി രാജ്കണ്ണപ്പനെതിരെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നേരത്തെ മുഖ്യമന്ത്രി മുന്നറിയിപ്പ് ന്ല്‍കിയിരുന്നു. എന്നാല്‍ അദ്ദേഹം തിരുത്താന്‍ തയാറാകെ വന്നതോടെയാണ് മുഖ്യമന്ത്രി നടപടി സ്വീകരിച്ചതെന്നും റിപോര്‍ട്ടുണ്ട്.

രാമനാഥപുരം ജില്ലയിലെ മുതുകുളത്തൂരിലെ ബിഡിഒയെ ജാതി അധിക്ഷേപം നടത്തിയെന്ന് മന്ത്രി രാജ്കണ്ണപ്പനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. തന്റെ ആജ്ഞകള്‍ അനുസരിച്ചില്ലെങ്കില്‍ സ്ഥലംമാറ്റുമെന്ന് മന്ത്രി ഭീഷണിപ്പെടുത്തിയതായും ബിഡിഒ ആരോപിച്ചതോടെ സംഭവം വിവാദമായിരുന്നു. ഇതിനിടെയാണ് മന്ത്രിയെ വകുപ്പു മാറ്റിയത്. ബിഡിഒയുടെ ആരോപണം സംബന്ധിച്ച് ബിജെപി ദേശീയ പട്ടിക ജാതി കമ്മീഷനു പരാതിയും നല്‍കിയിട്ടുണ്ട്.

Latest News