ഇസ്ലാമാബാദ്- പാക് പ്രധാനമന്ത്രി ഇംറാൻ ഖാന് കനത്ത തിരിച്ചടി. ഇംറാൻ ഖാൻ നയിക്കുന്ന തെഹ്‌രീകെ ഇൻസാഫ് സർക്കാറിനുള്ള പിന്തുണ പ്രധാന സഖ്യകക്ഷിയായ മുത്തഹിദ ക്വാമി മൂവ്്‌മെന്റ് പാക്കിസ്ഥാൻ(എം.ക്യു.എം) പിൻവലിച്ചു. പ്രതിപക്ഷമായ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിക്ക് എം.ക്യു.എം പിന്തുണ പ്രഖ്യാപിച്ചു. സംയുക്ത പ്രതിപക്ഷവും എം.ക്യു.എമ്മും ധാരണയിലെത്തിയെന്നും റബ്ത കമ്മിറ്റി എം.ക്യു.എം, പി.പി.പി സി.ഇ.സി എന്നിവരാണ് ഭരണ കക്ഷിക്കെതിരെ സംയുക്തമായി രംഗത്തെത്തിയതെന്നും പി.പി.പി ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി ട്വീറ്റ് ചെയ്തു. നാളെ നടത്തുന്ന പത്രസമ്മേളനത്തിൽ ഇക്കാര്യം പ്രഖ്യാപിക്കുമെന്നും ബിലാവൽ ഭൂട്ടോ പറഞ്ഞു.
എം.ക്യു.എം പിന്തുണ പിൻവലിച്ചതോടെ പാക്കിസ്ഥാൻ പാർലമെന്റിന്റെ അധോസഭയിൽ ഇമ്രാൻഖാന് ഭൂരിപക്ഷം നഷ്ടപ്പെട്ടു. സംയുക്ത പ്രതിപക്ഷത്തിന് ദേശീയ അസംബ്ലിയിൽ 177 അംഗങ്ങളുണ്ട്. 164 പേരാണ് ഇമ്രാൻ ഖാന്റെ പക്ഷത്തുള്ളത്. 342 അംഗ പാർലമെന്റാണ് പാക്കിസ്ഥാനുള്ളത്. 179 അംഗങ്ങളുടെ പിന്തുണ ലഭിച്ചതോടെയാണ് ഇമ്രാൻ ഖാൻ പാക്കിസ്ഥാനിൽ സർക്കാർ രൂപീകരിച്ചത്. 164 അംഗങ്ങളാണ് ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് കക്ഷിക്കുള്ളത്. എം.ക്യു.എമ്മിന്റെ പിന്തുണയോടെയാണ് ഇമ്രാൻ ഖാൻ സർക്കാർ രൂപീകരിച്ചത്.