ന്യൂദൽഹി- കേന്ദ്ര സർക്കാറിനെതിരായ അവിശ്വാസപ്രമേയത്തിൽ ഉറച്ചുനിൽക്കുന്നതായി തെലുങ്കുദേശം പാർട്ടിയും വൈ.എസ്.ആർ കോൺഗ്രസും വ്യക്തമാക്കി. ലോക്‌സഭയിൽ ഇന്ന് പ്രമേയം അവതരിപ്പിക്കുമെന്ന് വൈ.എസ്.ആർ കോൺഗ്രസും ടി.ഡി.പിയും വ്യക്തമാക്കി. കഴിഞ്ഞയാഴ്ച്ചയാണ് എൻ.ഡി.എയിൽനിന്ന് പ്രധാന സഖ്യകക്ഷിയായ ടി.ഡി.പി വിട്ടത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നൽകണമെന്ന ആവശ്യം പരിഗണിക്കാത്തതിനെ തുടർന്നായിരുന്നു ഇത്. എൻ.ഡി.എ ഭരണത്തിന് അന്ത്യം കുറിക്കാൻ അവിശ്വാസപ്രമേയത്തിന് സാധിക്കില്ലെങ്കിലും രണ്ടു ദക്ഷിണേന്ത്യൻ പാർട്ടികൾ ഒരുമിച്ച് എതിർപ്പുമായി രംഗത്തുവരുന്നത് കടുത്ത ക്ഷീണമാകുമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. അടുത്തവർഷം നടക്കാനിരക്കുന്ന തെരഞ്ഞെടുപ്പിൽ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
ലോക്‌സഭയിൽ അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിനുള്ള അൻപത് പേരുടെ പിന്തുണ ടി.ഡി.പിക്കും വൈ.എസ്.ആർ കോൺഗ്രസിനുമില്ല. ഇരു പാർട്ടികൾക്കും കൂടി ഇരുപത്തിമൂന്ന് അംഗങ്ങളാണുള്ളത്. ടി.ഡി.പിക്ക് പതിനഞ്ചും വൈ.എസ്.ആർ കോൺഗ്രസിന് എട്ടും. കോൺഗ്രസ്, സി.പി.എം എന്നീ പാർട്ടികൾ പ്രമേയത്തെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പാർലമെന്റിൽ സമാധാനപരമായ അന്തരീഷമുണ്ടെങ്കിൽ മാത്രമേ പ്രമയേം പരിഗണിക്കാവൂ എന്ന നിലപാടിലാണ് ബി.ജെ.പി.
ടിഡിപി കേന്ദ്ര സർക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നൽകിയ നോട്ടീസിന് സ്പീക്കർ അനുമതി നൽകിയിരുന്നില്ല. വൈഎസ്ആർ കോൺഗ്രസ് ഇതേ വിഷയത്തിൽ കേന്ദ്രത്തിനെതിരേ വ്യാഴാഴ്ച അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. വൈഎസ്ആർ കോൺഗ്രസ് കൊണ്ടു വരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് ടിഡിപി ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, വൈഎസ്ആർ കോൺഗ്രസും പ്രധാനമന്ത്രിയുടെ ഓഫീസും ബിജെപിയും തമ്മിൽ ഗൂഡാലോചന നടക്കുന്നു എന്നാരോപിച്ചാണ് ടിഡിപി സ്വന്തം നിലയ്ക്ക് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയത്.
സഭയുടെ നടുത്തളത്തിൽ അംഗങ്ങൾ ഇറങ്ങി നിന്നു പ്രതിഷേധിക്കുന്നത് ചൂണ്ടിക്കാട്ടി ഓർഡറില്ലെന്നു പറഞ്ഞാണ് സ്പീക്കർ സുമിത്ര മഹാജൻ അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചത്. അമ്പത് അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ നോട്ടീസ് പരിഗണിക്കുന്നതിനുള്ള സമയം തീരുമാനിക്കാമെന്നും സഭ ഇപ്പോൾ ഓർഡറിൽ അല്ലെന്നുമായിരുന്നു സ്പീക്കറുടെ വാദം.
ഇടതു പാർട്ടികൾക്കു പുറമേ തൃണമൂൽ കോൺഗ്രസ്, അണ്ണാ ഡിഎംകെ, ബിജെഡി, തെലുങ്കാനയിൽ നിന്നുള്ള എഐഎംഐഎം പാർട്ടികളും അവിശ്വാസ പ്രമേയത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകണമെന്ന വാഗ്ദാനം കേന്ദ്രം പാലിക്കുന്നില്ലെന്നാരോപിച്ചു വൈഎസ്ആർ കോൺഗ്രസ് വ്യാഴാഴ്ച അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയിരുന്നു. ഇതിനു വ്യാഴാഴ്ച ടിഡിപി പിന്തുണയും പ്രഖ്യാപിച്ചിരുന്നു. പിന്നീടാണ് ടിഡിപി സ്വന്തം നിലയ്ക്ക് നോട്ടീസ് നൽകി.
ആന്ധ്രപ്രദേശിനുള്ള പ്രത്യേക സംസ്ഥാന പദവി അംഗീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെയാണ് ടിഡിപി, എൻഡിഎ സഖ്യത്തിൽ ഭിന്നത രൂക്ഷമായത്. ലോക്‌സഭയിൽ ടിഡിപിക്ക് 16 എംപിമാരും വൈഎസ്ആർ കോൺഗ്രസിന് ഒമ്പത് എംപിമാരും ഉണ്ട്്. ആന്ധ്ര വിഭജിച്ചപ്പോൾ മുൻ യുപിഎ സർക്കാരാണു സംസ്ഥാനത്തിനു പ്രത്യേക പദവി വാഗ്ദാനം ചെയ്തത്. എൻഡിഎ സർക്കാരിന്റെ ഭാഗമായതോടെ പ്രത്യേക പദവി അനായാസം നേടിയെടുക്കാമെന്നായിരുന്നു തെലുങ്കുദേശം പാർട്ടിയുടെ പ്രതീക്ഷ. എന്നാൽ, വളരെയധികം സമ്മർദം ചെലുത്തിയിട്ടും നിലപാടിൽ മാറ്റം വരുത്താൻ കേന്ദ്രം തയാറായില്ല. ഇതേത്തുടർന്നാണു സഖ്യം അവസാനിപ്പിക്കാനുള്ള തീരുമാനം. നേരത്തെ കേന്ദ്രബജറ്റിൽ ആന്ധ്രപ്രദേശിന് കാര്യമായി ഒന്നും ലഭിക്കാതിരുന്നതും ടിഡിപിയെ പ്രകോപിപ്പിച്ചിരുന്നു.
സഖ്യത്തിൽ നിന്നു വിട്ടു പോയതോടെ ആന്ധ്ര പ്രദേശിന്റെ പിന്നോക്കാവസ്ഥയ്ക്കു കാരണം ബിജെപിയാണെന്ന സന്ദേശം നൽകി വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തു നിന്നു മുതലെടുക്കുകയാണു ചന്ദ്രബാബു നായിഡുവിന്റെ ലക്ഷ്യം. മാത്രമല്ല സംസ്ഥാനത്തെ തന്നെ മുഖ്യ വെല്ലുവിളിയായ വൈഎസ്ആർ കോൺഗ്രസിന്റെ നേതാവ് ജഗൻമോഹൻ റെഡ്ഡിയുടെ മുന്നേറ്റത്തിന് ഒരുവശത്തു നിന്നും തടയിടാനുമായി. കഴിഞ്ഞ നാലു വർഷങ്ങളായി ആന്ധ്രപ്രദേശിന് പ്രത്യേക പദവി എന്ന ആവശ്യമുന്നയിച്ചാണ് ജഗൻമോഹൻ റെഡ്ഡി, ചന്ദ്രബാബു നായിഡുവിനെ വിമർശിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ കേന്ദ്ര സഖ്യത്തിൽ നിന്നും പിന്തുണ പിൻവലിച്ചതോടെ പ്രത്യേക പദവി ലഭിക്കാത്തതിന്റെ മുഴുവൻ ഉത്തരവാദിത്തവും കേന്ദ്രത്തിനും ബിജെപിക്കുമാണെന്ന സന്ദേശമാണ് നായിഡു ആന്ധ്രയിലെത്തിച്ചിരിക്കുന്നത്.