റിയാദ്- സൗദി അറേബ്യയില്‍ അവിദഗ്ധ മേഖലയില്‍ വിദേശികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന നിരവധി പ്രൊഫഷനുകള്‍ മാനവശേഷി സാമൂഹിക മന്ത്രാലയം പിന്‍വലിച്ചു. ഇത്തരം പ്രൊഫഷനുകളില്‍ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുടെ ഇഖാമ മാറ്റാനോ പുതിയ വിസകള്‍ ഇഷ്യു ചെയ്യാനോ ഇനി മുതല്‍ സാധിക്കില്ല. കഴിഞ്ഞാഴ്ചയാണ് പുതിയ വ്യവസ്ഥ നിലവില്‍ വന്നത്. നിലവിലുള്ള ഇഖാമകള്‍ക്ക് തടസ്സമുണ്ടാവില്ല.
ആമില്‍ (ലേബര്‍), ഇലക്ട്രീഷ്യന്, ഡ്രൈവര്‍, മെക്കാനിക്, സെയില്സ്മാന്, റെസ്റ്റോറന്റ് ലേബര്‍ തുടങ്ങി സാധാരണയായി അവിദഗ്ധ മേഖലയിലുള്ളവര്‍ക്ക് ലഭിച്ചിരുന്ന പ്രൊഫഷനുകളാണ് തൊഴില്‍ വകുപ്പിന്റെ ലിസ്റ്റില്‍ നിന്ന് ഒഴിവായത്. എന്നാല്‍ ഇത്തരം പ്രൊഫഷനുകളോടൊപ്പം അവയുടെ കൃത്യമായ തൊഴില്‍ മേഖല രേഖപ്പെടുത്തിയാല്‍ വിസ ലഭിക്കുന്നതിനോ പ്രൊഫഷന് മാറുന്നതിനോ തടസ്സമില്ല. അഥവാ ലേബര്‍ എന്നര്‍ഥം വരുന്ന ആമില്‍ എന്ന് മാത്രമായി വിസയോ പ്രൊഫഷനോ ലഭ്യമാകില്ല. മറിച്ച് നിര്‍മാണ ജോലിക്കാരന് എന്നര്‍ഥമുള്ള ആമില്‍ ബിനാ, ലോഡിംഗ് തൊഴിലാളിക്കുള്ള ആമില്‍ തഹ്മീല് തുടങ്ങി ജോലി കൃത്യമായി പറയുന്ന ആമില്‍ പ്രൊഫഷനുകള്‍ക്ക് തടസ്സങ്ങളൊന്നുമില്ല. ഇലക്ട്രീഷ്യന്, മെക്കാനിക് എന്നിവ മാത്രമുള്ള പ്രൊഫഷനുകളും പൂര്‍ണമായും നിര്‍ത്തലാക്കി. അവയോടൊപ്പം കൃത്യമായ തൊഴില്‍ മേഖല വ്യക്തമാക്കുന്ന ഇലക്ട്രിഷ്യന്‍, മെക്കാനിക് പ്രൊഫഷനുകള്‍ ഇപ്പോഴും ലഭ്യമാണ്. എന്നാല്‍ വെയിറ്റര്‍ എന്നര്‍ഥമുള്ള മുഖദ്ദിമു ത്വആം, പബ്ലിക് ഡ്രൈവര്‍ എന്നര്‍ഥമുള്ള സാഇഖ് സയ്യാറ ഉമൂമി തുടങ്ങിയ ഏതാനും പ്രൊഫഷനുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കി. ഇതൊക്കെ സ്വദേശികള്‍ക്ക് മാത്രമാക്കുമെന്ന് നേരത്തെ മന്ത്രാലയം അറിയിച്ചിരുന്നു. സൗദിവത്കരണം സമ്പൂര്‍ണമായി നടപ്പാക്കിയ പ്രൊഫഷനുകളും തൊഴില്‍ വകുപ്പിന്റെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിദഗ്ധ തൊഴില്‍ മേഖലയില്‍ ഇപ്പോള്‍ വനിതകള്‍ക്കും വിസകള്‍ അനുവദിക്കുന്നുണ്ട്. നേരത്തെ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലേക്കായിരുന്നു വിദേശ വനിതകള്‍ എത്തിയിരുന്നതെങ്കിലും ഇപ്പോള്‍ വൈദഗ്ധ്യം നേടിയ വനിതകള്‍ക്ക് എല്ലാ മേഖലകളിലേക്കും സൗദി അറേബ്യ വിസ അനുവദിക്കുന്നുണ്ട്.