ലഖ്‌നൗ- ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പ് ഫലം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നയങ്ങളുടെയും പരിപാടികളുടെയും വിലയിരുത്തലായി കരുതുന്നില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നിരുന്നാലും തെരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് പാഠം പഠിക്കാനുണ്ടെന്നും മുന്നോട്ടുള്ള പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമാക്കുന്നതിനും ഇതു സഹായിക്കുമെന്ന് പൊതു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
എസ്.പി, ബി.എസ്.പി കൂട്ടുകെട്ടിന് ബി.ജെ.പിയുടെ ശക്തിയിൽ ക്ഷതം വരുത്താനായിട്ടില്ല. ഈ സഖ്യം താൽക്കാലികം മാത്രമാണ്. അതു നിലനിൽക്കാൻ പോകുന്നില്ല. ഇരു പാർട്ടികളും ഭരിച്ച് സംസ്ഥാനത്തെ എന്തു മാത്രം നശിപ്പിച്ചുവെന്ന കാര്യം ജനങ്ങൾക്ക് ബോധ്യമുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാമ്പും കീരിയും പോലുള്ള ഈ രണ്ടു പാർട്ടികൾ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. കുടുംബ സ്വത്തുപോലെ പാർട്ടിയെ കൊണ്ടുനടക്കുന്ന ഇരു പാർട്ടിയിലും ജനാധിപത്യമില്ലെന്നും ആദിത്യനാഥ് കുറ്റപ്പെടുത്തി.
എസ്.പിയുടെ സൈക്കിളിനെ ഉപേക്ഷിച്ച് രാഹുൽ ഗാന്ധി ബി.എസ്.പിയുടെ ആനപ്പുറത്തു കയറിയേക്കുമെന്നും ആദിത്യനാഥ് പരിഹാസ രൂപേണ പറഞ്ഞു.
ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും ഉപതെരഞ്ഞെടുപ്പ് പരാജയം സർക്കാർ ഭരണത്തിന്റെ വിലയിരുത്തലല്ലെന്ന് പറഞ്ഞു. ഫലപ്രഖ്യാപന ശേഷം ഇതാദ്യമായാണ് അമിത ഷാ പരാജയത്തെക്കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയത്. എന്തായാലും വീഴ്ചകൾ എന്തെങ്കിലുമുണ്ടായിട്ടുണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിച്ച് തിരുത്തലുകൾ ആവശ്യമെങ്കിൽ അതിനു പാർട്ടി തയാറാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.