വാഷിംഗ്ടണ്‍- 50 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് നല്‍കുന്ന നാലാമത്തെ ഡോസ് കോവിഡ് വാക്‌സിന് അമേരിക്കയില്‍ അംഗീകാരമായി. ഫൈസര്‍ ബയോണ്‍ടെക്, മോഡേണ വാക്‌സിനുകളാണ് നാലാം ഡോസായി നല്‍കാന്‍ അംഗീകരിച്ചിരിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദമായ ബി.എ 2 വ്യാപിക്കാനിടയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
നാലാം ഡോസ് വാക്‌സിന്‍ അംഗീകരിക്കാന്‍ കാരണം പുതിയ ആരോഗ്യ സുരക്ഷാ കാരണങ്ങളല്ലെന്നും നാല് മാസത്തിന് ശേഷം നല്‍കിയ അധിക ബൂസ്റ്റര്‍, ഗുരുതരമായ കോവിഡിനെതിരെ മെച്ചപ്പെട്ട പരിരക്ഷ നല്‍കിയെന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) പ്രസ്താവനയില്‍ പറഞ്ഞു.
നാല് മാസം മുമ്പ് നാലാം ഡോസ് സ്വീകരിച്ചവര്‍ക്ക് അഞ്ചാമത്തെ ഡോസ് സ്വീകരിക്കാമെന്നും അധികൃതര്‍ അറിയിച്ചു. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കാണ് നാല് മാസം മുമ്പ് നാലാമത്തെ ഡോസ് നല്‍കിയിരുന്നത്.
12 വയസും അതില്‍ കൂടുതലുമുള്ള പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് ഫൈസര്‍ വാക്‌സിന്‍ ലഭ്യമാക്കും. 18 വയസും അതില്‍ കൂടുതലുമുള്ള രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കാണ് മോഡേണ വാക്‌സിന്‍.
പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും കോവിഡ് പ്രത്യാഘാതങ്ങള്‍ക്കെതിരായ സംരക്ഷണം കുറയുന്നതായി നിലവിലെ തെളിവുകള്‍ സൂചിപ്പിക്കുന്നുതായി മുതിര്‍ന്ന എഫ്ഡിഎ ശാസ്ത്രജ്ഞന്‍ പീറ്റര്‍ മാര്‍ക്ക്‌സ് പറഞ്ഞു.
ഇസ്രായേലില്‍ മൂന്നാമത്തെ ഡോസ് സ്വീകരിച്ച് നാല് മാസത്തിന് ശേഷം 700,000 പേര്‍ക്ക് നാലാമത്തെ ഡോസ് നല്‍കിയിരുന്നു. ഇതിന്റെ ഫലങ്ങളെക്കുറിച്ചുള്ള വിശകലനം അധിക വാക്‌സിന്‍ സുരക്ഷിതമാണെന്ന് കണ്ടെത്തിയതായി എഫ്ഡിഎ പറഞ്ഞു.