ന്യൂദല്‍ഹി- കോവിഡ് മഹാമാരിയില്‍ നിന്ന് രാജ്യം കരകയറിത്തുടങ്ങിയതോടെ ഇന്ത്യക്കാര്‍ ആഡംബരത്തിന് ചെലവിടുന്ന വര്‍ധിച്ചതായി റിപോര്‍ട്ട്. രണ്ടു വര്‍ഷമായി തുടരുന്ന കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിത്തുടങ്ങിയതോടെ പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ മുറിയെടുക്കാനും ബിസിനസ് ക്ലാസില്‍ വിമാന യാത്രനടത്താനും ഇന്ത്യക്കാരുടെ തിരക്കാണെന്ന് രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ഈസ്‌മൈട്രിപ് കണക്കുകള്‍ പറയുന്നു. ആളുകള്‍ ജീവിതം അടിച്ചുപൊളിക്കുകയാണെന്നും യാത്രകള്‍ക്കായി കൂടുതല്‍ ചെലവിടുന്നുണ്ടെന്നും ഈസ്‌മൈട്രിപ് കോഫൗണ്ടര്‍ പ്രശാന്ത് പിട്ടി പറയുന്നു.
കോവിഡിനു മുമ്പുള്ള കാലവുമായി താരതമ്യം ചെയ്യുമ്പോള്‍ വിമാനങ്ങളില്‍ ബിസിനസ് ക്ലാസ് ടിക്കറ്റുകളും ബുക്കിങും പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ബുക്കിങ്ങും ഇരട്ടിയായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ഇന്ത്യക്കാരുടെ അവധിയാഘോഷ ദിനങ്ങളും വര്‍ധിച്ചിട്ടുണ്ട്. ശരാശരി 4.7 ദിവസമാണ് ഇപ്പോള്‍ ഇന്ത്യക്കാര്‍ അവധിയാഘോഷത്തിനായി ചെലവിടുന്നത്. നേരത്തെ ഇത് 3.2 ദിവസമായിരുന്നു.
രാജ്യാന്തര യാത്രകള്‍ വീണ്ടും പുനരാരംഭിച്ചതോടെ ഏറെ നാളായി നാട്ടില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാര്‍ പുറത്തേക്ക് യാത്ര ചെയ്യുന്നത് വര്‍ധിച്ചു വരികയാണ്. ലോകത്തെ ഏറ്റവും വേഗത്തിലുള്ള വളര്‍ച്ചയുള്ള വ്യോമയാന വിപണിയായ ഇന്ത്യയില്‍ ഉടന്‍ തന്നെ ദിനേനയുള്ള യാത്രക്കാരുടെ എണ്ണം കോവിഡിനു മുമ്പുണ്ടായിരുന്ന സ്ഥിതിയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഒരു വര്‍ഷത്തിനകം ദിവസം 4,15,000 യാത്രക്കാര്‍ എന്ന തോതിലേക്കെത്തും. ഞായറാഴ്ച മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതോടെ ഇന്ത്യന്‍ വിമാന കമ്പനികള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്. വ്യോമയാന രംഗത്ത് ഒരു കുതിപ്പുണ്ടാകണമെങ്കില്‍ ഓരോ വര്‍ഷവും 120 വിമാനങ്ങള്‍ അധികമായി ഏര്‍പ്പെടുത്തി വരുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞിരുന്നു. അന്താരാഷ്ട്ര യാത്രകള്‍ക്ക് ആവശ്യമായ വൈഡ് ബോഡി വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികളോട് മന്ത്രി അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.