ന്യൂദല്‍ഹി- പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യം രൂപപ്പെടുത്താന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വീണ്ടും രംഗത്തിറങ്ങി. രാജ്യത്തെ സാഹചര്യം വിശദീകരിച്ച് മമത പ്രതിപക്ഷ നേതാക്കള്‍ക്കും ബി.ജെ.പി ഇതര മുഖ്യമന്ത്രിമാര്‍ക്കും കത്തയച്ചു.
ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം തകര്‍ക്കുന്ന ബി.ജെ.പിക്കെതിരേ പോരാടാന്‍ സമയമായെന്ന് മമത കത്തില്‍ പറയുന്നു. ദേശീയ അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കടുത്ത വിമര്‍ശമാണ് ബംഗാള്‍ മുഖ്യമന്ത്രി ഉന്നയിക്കുന്നത്.
ജനാധിപത്യത്തിന് നേരെയുള്ള ബി.ജെ.പിയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ സമയമായി. കോടതിയും മാധ്യമങ്ങളും പൊതുജനങ്ങളും ജനാധിപത്യത്തിന്റെ പ്രധാന തൂണുകളാണ്. ഇതില്‍ ഏതെങ്കിലും തകര്‍ക്കപ്പെട്ടാല്‍ ജനാധിപത്യം തളര്‍ന്നു പോകും. ബി.ജെ.പി അതിനായി നിരന്തരം ശ്രമിക്കുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍, ആദായ നികുതി വകുപ്പ് എന്നിവ പ്രതിപക്ഷത്തെ അക്രമിക്കാനും ഒതുക്കാനുമുള്ള ആയുധമായി ബി.ജെ.പി ഉപയോഗിക്കുന്നു.
ഡല്‍ഹി സ്‌പെഷന്‍ പോലീസ് ബില്‍, സി.വി.സി ബില്‍ എന്നിവ ബി.ജെ.പിയുടെ രാഷ്ട്രീയ നേട്ടത്തിനായാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ഇതിനെയെല്ലാം ചെറുക്കേണ്ട സമയമായെന്ന് മമത കത്തില്‍ എഴുതി.
രാജ്യത്തെ എല്ലാ പുരോഗമന ശക്തികളും ബി.ജെ.പിക്കെതിരായി ഒന്നിക്കണം. ഐക്യമുള്ള പ്രതിപക്ഷ പ്രവര്‍ത്തനം രാജ്യം അര്‍ഹിക്കുന്ന സര്‍ക്കാരിനെ തെരഞ്ഞെടുക്കാന്‍ വഴിയൊരുക്കുമെന്നും മമത അഭിപ്രായപ്പെടുന്നു.