തിരുവനന്തപുരം- ടെലിവിഷൻ ചാനലിലെ അവതാരകരുടെ രീതിക്കെതിരെ എം.എം മണിയുടെ പരിഹാസം. കഴിഞ്ഞ ദിവസം സ്വകാര്യ ചാനൽ അവതാരകൻ സി.പി.എം നേതാവ് എളമരം കരീമിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് എം.എം മണിയുടെ പരിഹാസം. അവതാരകർക്കുള്ള അടി അങ്ങ് ലോസ് ആഞ്ചലസിൽനിന്ന് തുടങ്ങിയിട്ടുണ്ട് എന്നായിരുന്നു എം.എം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. നിരവധി പേരാണ് മണിയുടെ പോസ്റ്റിൽ കമന്റുമായി എത്തിയത്.
കഴിഞ്ഞ ദിവസം രാത്രി ഏഷ്യാനെറ്റ് ചാനൽ നടത്തിയ ചർച്ചയിൽ അവതാരകൻ വിനു രാജ്യസഭാംഗം കൂടിയായ സി.പി.എം നേതാവ് എളമരം കരീമിനെതിരെ കടുത്ത ഭാഷയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. എളമരം കരീമിന്റെ വാഹനം ആരെങ്കിലും കാറ്റൊഴിച്ചുവിടണമായിരുന്നു. അദ്ദേഹത്തിന്റെ കുടുംബം വണ്ടിയിലുണ്ടെങ്കിൽ പുറത്തിറക്കണമായിരുന്നു. കരീമിന്റെ മുഖത്തടിച്ച് ചോരയൊലിപ്പിക്കണമായിരുന്നു തുടങ്ങിയ പരാമർശങ്ങളാണ് വിനു നടത്തിയത്. ഇതിന് എതിരെ വിവിധ കേന്ദ്രങ്ങളിൽനിന്ന് എതിർപ്പ് ഉയരുന്നുണ്ട്. നാളെ ഏഷ്യാനെറ്റിന്റെ ഓഫീസിലേക്ക് സംയുക്ത സമര സമിതി മാർച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.