ന്യൂദല്‍ഹി- ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനം കയറ്റി കൊന്ന കേസില്‍ പ്രതിയായ കേന്ദ്ര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം നല്‍കിയതിനെ ശക്തമായി എതിര്‍ത്തിരുന്നുവെന്ന് യു.പി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍.
അലഹബാദ് ഹൈക്കോടതിയില്‍ ജാമ്യത്തിനെതിരേ യു.പി സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന ആരോപണം വാസ്തവ വിരുദ്ധമാണ്. സര്‍ക്കര്‍ ശക്തമായി ജാമ്യത്തെ എതിര്‍ത്തിരുന്നു. ജാമ്യത്തിനെതിരേ നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണെന്നും യു.പി സര്‍ക്കാര്‍ വ്യക്തമാക്കി. അജയ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കള്‍ നല്‍കിയ ഹരജിയില്‍ ചീഫ് ജസ്റ്റീസ് എന്‍.വി രമണ ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവര്‍ ഉള്‍പ്പെട്ട ബൈഞ്ച് ബുധനാഴ്ച വാദം കേള്‍ക്കും.
ആശിഷ് മിശ്രയുടെ ജാമ്യത്തിനെതിരേ യു.പി സര്‍ക്കാര്‍ ചെറുവിരല്‍ പോലും അനക്കാതിരുന്നതിനിലാണ് കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങള്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ നിര്‍ബന്ധിതരായതെന്നാണ് ഇവര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ ദുഷ്യന്ത് ദവേയും പ്രശാന്ത് ഭൂഷനും നേരത്തെ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയത്. കേസിലെ പ്രധാന സാക്ഷി ദില്‍ജോത് സിംഗിനെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന് ഹരജിക്കാര്‍ പരാതിപ്പെട്ടിരുന്നു.
യു.പി സര്‍ക്കാര്‍ ഇക്കാര്യവും സുപ്രീംകോടതിയില്‍ നിഷേധിച്ചു. ഹോളിയുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യക്തിഗത തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. ചില ആളുകള്‍ ദില്‍ജോത് സിംഗിനെ നിറം അണിയിക്കാന്‍ ശ്രമിച്ചു. അയാള്‍ വിസമ്മതിച്ചപ്പോള്‍ വാക്കു തര്‍ക്കവും അടിയുമായി. അക്രമികളില്‍ ഒരാള്‍ ദില്‍ജോതിനെ ബെല്‍ട്ട് ഊരിയടിച്ചു. മറ്റുള്ളവര്‍ കൂടി നിന്ന് അടിക്കുകയും ഇടിക്കുകയും ചെയ്തു. അക്രമികള്‍ ആരും തന്നെ സംസ്ഥാനത്തെ ഭരണപക്ഷ പാര്‍ട്ടിയില്‍ ഉള്‍പ്പെട്ടവര്‍ അല്ലെന്നാണ് യുപി സര്‍ക്കാരിന്റെ വാദം.