Sorry, you need to enable JavaScript to visit this website.

റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം:  500 എൻജിനീയറിംഗ് ഓഫീസുകൾ അടച്ചു

റിയാദ് - റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യം മൂലം രണ്ടു വർഷത്തിനിടെ 500 ഓളം എൻജിനീയറിംഗ് ഓഫീസുകൾ അടച്ചതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറഞ്ഞു. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സ് പരിശോധനകളും എൻജിനീയറിംഗ് ഓഫീസുകൾ അടച്ചുപൂട്ടുന്നതിന് ഇടയാക്കി. 
അയൽ രാജ്യങ്ങളിൽ ലൈസൻസുള്ള ചില എൻജിനീയറിംഗ് ഓഫീസുകൾക്കു കീഴിൽ അനധികൃതമായി സൗദിയിൽ പ്രവർത്തിക്കുന്ന ചില എൻജിനീയറിംഗ് ഓഫീസുകൾ, നിയമാനുസൃതം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ബിസിനസുകളെ ബാധിക്കുന്നതിന് ഇടയാക്കിയതായി ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സിലെ എൻജിനീയറിംഗ് ഓഫീസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എൻജിനീയർ ത്വലാൽ സമർഖന്ദി പറഞ്ഞു. 
വിദേശ എൻജിനീയറിംഗ് ഓഫീസുകളും വ്യക്തികളും അനധികൃതമായി സൗദിയിൽ പ്രവർത്തിക്കുന്നതും യൂനിവേഴ്‌സിറ്റികളിൽ ജോലി ചെയ്യുന്ന എൻജിനീയറിംഗ് അധ്യാപകർക്ക് പരിചസമ്പത്തിന്റെ പേരു പറഞ്ഞ് പ്രവർത്തനാനുമതി നൽകുന്നതും എൻജിനീയറിംഗ് കൺസൾട്ടൻസി ഓഫീസ് മേഖലയിൽ നീതിപൂർവമല്ലാത്ത മത്സരമുണ്ടാക്കുകയാണ്. ഇത്തരക്കാർക്ക് സർക്കാർ ഫീസുകളോ എൻജിനീയറിംഗ് ഓഫീസുകൾക്കുള്ള വ്യവസ്ഥകളോ ബോധകമല്ലെന്ന് എൻജിനീയർ ത്വലാൽ സമർഖന്ദി പറഞ്ഞു.
സൗദിയിൽ 2,900 ഓളം എൻജിനീയറിംഗ് ഓഫീസുകളാണുള്ളതെന്ന് എൻജിനീയർ ഫറജ് അൽജദ്ആനി പറഞ്ഞു. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ 1,98,135 എൻജിനീയർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മതിയായ സാധ്യതാ പഠനം നടത്താതെ പ്രവർത്തനം ആരംഭിച്ചതാണ് 500  ഓളം എൻജിനീയറിംഗ് ഓഫീസുകൾ അടച്ചുപൂട്ടുന്നതിന് കാരണം. റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യവും കടുത്ത മത്സരവും നിരക്ക് കുറവും എൻജിനീയറിംഗ് ഓഫീസുകൾക്ക് നഷ്ടം നേരിടുന്നതിന് ഇടയാക്കി. ഇത് സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിലാണ് എത്തിച്ചത്. വളരെ കുറഞ്ഞ നിരക്കുകളാണ് ചില എൻജിനീയറിംഗ് ഓഫീസുകൾ ഈടാക്കുന്നത്. എൻജിനീയറിംഗ് ഓഫീസുകൾ വഴി നിർമാണ ലൈസൻസ് നേടിയെടുക്കുന്നതിനു മാത്രമാണ് പല ഉപയോക്താക്കളും ശ്രമിക്കുന്നതെന്നും എൻജിനീയർ ഫറജ് അൽജദ്ആനി പറഞ്ഞു. അനധികൃത രീതിയിൽ പ്രവർത്തിക്കുന്നതും റിയൽ എസ്റ്റേറ്റ് മേഖലയിലെ മാന്ദ്യവും ബന്ധപ്പെട്ട വകുപ്പുകൾക്ക് എൻജിനീയറിംഗ് ഓഫീസുകൾ നൽകേണ്ട ഉയർന്ന ഫീസുകളുമാണ് ചില എൻജിനീയറിംഗ് ഓഫീസുകൾ അടച്ചുപൂട്ടുന്നതിന് കാരണമെന്ന് എൻജിനീയർ അവദ് അബ്ദുൽഫത്താഹ് പറഞ്ഞു. 

 

Latest News