തിരുവനന്തപുരം- സര്‍ക്കാര്‍ ജീവനക്കാരുടെ സമരം നിയമവിരുദ്ധമെന്ന വിധിച്ച ഹൈക്കോടതി ഉത്തരവ് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുന്നതാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ജനാധിപത്യസംവിധാനത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാവടക്കു പണിയെടുക്കു എന്ന അടിയന്തരാവസ്ഥയുടെ ശബ്ദമാണ് ഇപ്പോള്‍ കോടതിയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത്തരം നിലപാടുകള്‍ പുനപരിശോധിക്കാന്‍ ജുഡീഷ്യറി തയ്യാറാവണമെന്ന് കോടിയേരി പറഞ്ഞു.
ബ്രിട്ടീഷുകാര്‍ക്കെതിരെ തൊഴിലാളികള്‍ പണിമുടക്കിയത് ഏതെങ്കിലും കോടതിയുടെ അനുമതിയോടെയല്ല. കോടതി സമരത്തിന് എതിരാണെന്നും വേതനം നഷ്ടപ്പെടുമെന്നും അറിഞ്ഞു കൊണ്ടു തന്നെ ജീവനക്കാര്‍ പണിമുടക്കിന് തയ്യാറാവണമെന്ന് കോടിയേരി ആഹ്വാനം ചെയ്തു.
പ്രകോപനം ഉണ്ടാക്കിതിനിലാണ് പണിമുടക്കിനിടെ അക്രമ സംഭവങ്ങള്‍ ഉണ്ടായത്. സമരക്കാര്‍ക്ക് മുമ്പില്‍ കൂടി വാഹനമോടിച്ച് പ്രകോപനം ഉണ്ടാക്കിയ ഇടങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായത്. ജനങ്ങള്‍ പ്രകോപനപരമായ കാര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കോടിയേരി പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് സിഐടിയുവിന്റെ മാത്രം പണിമുടക്കല്ലെന്നും അദ്ദേഹം പറഞ്ഞു.