പട്‌ന- ബിഹാറില്‍ ബിജെപി സഖ്യകക്ഷിയായ വികാസ്ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി(വിഐപി)യുടെ നാല് എംഎല്‍എമാരില്‍ മൂന്ന് പേരും ബിജെപിയിലേക്ക് ചേക്കേറിയതിനു പിന്നാലെ സഭയില്‍ ബാക്കിയായ പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ് സഹാനിയെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. മൃഗസംരക്ഷണ, ഫിഷറീസ് വകുപ്പു മന്ത്രിയായിരുന്നു മുകേഷ്. എന്‍ഡിഎ സഖ്യത്തില്‍ ബിജെപിയുമായി കുറച്ചു കാലമായി ഇടഞ്ഞു നില്‍ക്കുകയായിരുന്നു നിഷാദ് സമുദായ നേതാവായ മുകേഷ്. യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ വിഐപി സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയതോടെ ബന്ധം വഷളായിരുന്നു. ഇതിനിടെയാണ് മുകേഷ് കനത്ത തിരിച്ചടിയായി പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാരെ ബിജെപി അടര്‍ത്തിയെടുത്ത് മുകേഷിനെ ഒറ്റപ്പെടുത്തിയത്. ബിജെപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രി നിതീഷ് മുകേഷിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയത്.
യുപി തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്ന് ബിജെപി നേരത്തെ മുകേഷിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മുകേഷിന്റെ വിഐപി 56 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപിക്കും സഖ്യകക്ഷിയായ നിഷാദ് പാര്‍ട്ടിക്കുമെതിരെ കിഴക്കന്‍ യുപിയില്‍ പലയിടങ്ങളിലായി മത്സര രംഗത്തിറക്കിയത്. പൂര്‍വാഞ്ചല്‍ മേഖലയിലെ നിഷാദ് സമുദായത്തിന്റെ വോട്ട് ഭിന്നിപ്പിക്കുകയായിരുന്നു ലക്ഷ്യം. യുപി തെരഞ്ഞെടുപ്പിനു ശേഷം ബിഹാര്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും മുകേഷ് ബിജെപിക്കെതിരെ രംഗത്തിറങ്ങിയിരുന്നു. ഇതിനുള്ള മറുപടിയാണ് ബിജെപി ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
2020ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സഖ്യം വിട്ടാണ് വിഐപി ബിജെപി സഖ്യത്തില്‍ ചേര്‍ന്നത്. അതിനിടെ തന്ത്രങ്ങള്‍ പാളി ഒറ്റപ്പെട്ട മുകേഷ് സഹാനിയെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. മുകേഷിനു മുമ്പില്‍ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസിന്റെ ബിഹാര്‍ ചുമതലയുള്ള ഭക്ത ചരണ്‍ ദാസ് പറഞ്ഞു. തന്റെ രാഷ്ട്രീയ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ മെച്ചപ്പെട്ട മറ്റൊരു പാര്‍ട്ടി മുകേഷ് സഹാനി കണ്ടെത്തേണ്ട സമയമാണിതെന്ന് മറ്റൊരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പറഞ്ഞു.