ഖണ്ഡ്‌വാ- മധ്യപ്രദേശിലെ ഖണ്ഡ്‌വായില്‍ 14കാരിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ മധ്യവയസ്‌ക്കനെ പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് കൊലപ്പെടുത്തി വെട്ടിനുറുക്കിയ ശേഷം നദിയിലെറിഞ്ഞു. അഞ്ചല്‍ നദിക്കരയില്‍ രക്തപ്പാടുകളും നദിയില്‍ മൃതദേഹ ഭാഗവും കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം സ്ഥിരീകരിച്ചത്. സക്താപൂര്‍ സ്വദേശി ത്രിലോക് ചന്ദ് (55) ആണ് കൊല്ലപ്പെട്ടത്. മൃതശരീരത്തിന്റെ ഭാഗം പൊങ്ങിക്കിടക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
പെണ്‍കുട്ടിയുടെ പിതാവും അമ്മാവനും ചേര്‍ന്ന് ശനിയാഴ്ചയാണ് ബന്ധുവായ ത്രിലോക് ചന്ദിനെ മോട്ടോര്‍സൈക്കിളില്‍ നദിക്കരയിലെത്തിച്ച് കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പെണ്‍കുട്ടിയെ ശല്യപ്പെടുത്തുന്നത് തുടര്‍ന്നതിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. തലയറുത്ത ശേഷം ബാക്കി ശരീര ഭാഗത്തെ വീണ്ടും രണ്ടായി മുറിച്ചു. മീന്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ഇത് ചെയ്തതെന്ന് സബ്ഡിവിഷനല്‍ ഓഫീസര്‍ ഓഫ് പോലീസ് രാകേഷ് പെന്ദ്രോ പറഞ്ഞു. പ്രതികള്‍ രണ്ടു പേരേയും അറസ്റ്റ് ചെയ്തു. മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.