മുംബൈ- ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ 90 ദിവസം കൂടി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി).
മുംബൈ സെഷന്‍സ് കോടതിയിലാണ് എന്‍.സി.ബി അപേക്ഷ നല്‍കിയത്. എന്‍സിബിയുടെ പ്രത്യേക അന്വേഷണ സംഘം ഏപ്രില്‍ മാസത്തോടെ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ടതായിരുന്നു. അന്വേഷണം തുടരുന്നതിനാല്‍ രേഖകള്‍ ഫയല്‍ ചെയ്യാന്‍ 90 ദിവസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജസ്റ്റിസ് വി.വി പാട്ടീലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് മുമ്പാകെ കേന്ദ്ര ഏജന്‍സി അപേക്ഷ നല്‍കിയത്.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 180 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് ചട്ടം.
2021 ഒക്ടോബറിലാണ് ആര്യന്‍ ഖാനെതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ സമയം ആവശ്യമാണെങ്കില്‍ പരമാവധി 90 ദിവസം കൂടി നീട്ടിനല്‍കാന്‍ നിയമം അനുവദിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം മറ്റ് 19 പേര്‍ക്കൊപ്പമാണ് ആര്യന്‍ ഖാനെ എന്‍.സി.ബി കേസില്‍ പ്രതിയാക്കിയത്. മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലില്‍ നടത്തിയ റെയ്ഡിനു പിന്നാലെ 24 കാരനായ ആര്യന്‍ ഖാനെ എന്‍സിബി അറസ്റ്റ് ചെയ്യുകയായിരുന്നു.