ന്യൂദല്‍ഹി- സ്‌കൂളിലെത്തിയ ശേഷം വിദ്യാര്‍ഥിനികള്‍ ബുര്‍ഖ അഴിക്കുന്ന ഫോട്ടോകള്‍ വിവാദമായതിനെ തുടര്‍ന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നീക്കം ചെയ്തു.
ആള്‍ട് ന്യൂസ് സ്ഥാപകനും വ്യാജ വാര്‍ത്തകള്‍ പരിശോധിക്കുന്ന ആക്ടീവിസ്റ്റുമായ മുഹമ്മദ് സുബൈറാണ് വാര്‍ത്താ ഏജന്‍സിയുടെ നടപടി ചോദ്യം ചെയ്ത് രംഗത്തുവന്നത്.
സ്‌കൂള്‍ കെട്ടിടത്തില്‍ എത്തിയ ശേഷം വിദ്യാര്‍ഥിനികള്‍ ബുര്‍ഖ ഊരുന്ന ഫോട്ടോകളെടുക്കുന്നത് ഏതു താരം ജേണലിസമാണെന്ന് അദ്ദേഹം ചോദിച്ചു. ഇത് തീര്‍ത്തും പീഡനമാണെന്നും നാണംകെട്ട പത്രപ്രവര്‍ത്തനമാണൈന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
കര്‍ണാടകയില് എസ്.എസ്.എല്‍.സി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ ഫോട്ടോകളാണ് എ.എന്‍.ഐ ട്വീറ്റ് ചെയ്തിരുന്നത്. ബംഗളൂരു സെന്റ് ജോസഫ് കോണ്‍വെന്റ് ഹൈ സ്‌കൂളിലെ ഫോട്ടോകളാണ് ട്വീറ്റിനോടൊപ്പം ഉണ്ടായിരുന്നത്.
മുഹമ്മദ് സുബൈര്‍ വിവാദമാക്കിയതോടെ എ.എന്‍.ഐ ട്വീറ്റ് ഡിലീറ്റ് ചെയ്തു.