ന്യൂദല്‍ഹി- കോമണ്‍ യൂണിവേഴ്സിറ്റി എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.ഇ.ടി) വഴി എട്ട് കോഴ്സുകളിലേക്ക് മാത്രം പ്രവേശനം നടത്താന്‍ ജാമിയ മില്ലിയ ഇസ്‌ലാമിയ തീരുമാനിച്ചതായി സര്‍വകലാശാല രജിസ്ട്രാര്‍ തിങ്കളാഴ്ച അറിയിച്ചു. ശേഷിക്കുന്ന കോഴ്സുകളിലേക്ക്, സര്‍വകലാശാലയുടെ സ്വന്തം പ്രവേശന പരീക്ഷയിലൂടെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കും.
'ഞങ്ങള്‍ എട്ട് കോഴ്‌സുകളുടെ പ്രവേശന പരീക്ഷകള്‍ സി.യു.ഇ.ടി വഴിനടത്തും. ശേഷിക്കുന്ന കോഴ്സുകള്‍ക്ക്, ഞങ്ങളുടെ സ്വന്തം പ്രവേശന പരീക്ഷകളിലൂടെ പ്രവേശനം നടത്തും. സി.യു.ഇ.ടി വഴി ഈ എട്ട് കോഴ്സുകളിലേക്കും പ്രവേശനം നടത്തിക്കഴിഞ്ഞ ശേഷം ബാക്കി തീരുമാനിക്കുമെന്നും രജിസ്ട്രാര്‍ നസിം ഹുസൈന്‍ പറഞ്ഞു.
ഈ എട്ട് കോഴ്‌സുകള്‍ ഏതൊക്കെയാണെന്ന് അദ്ദേഹം വിസമ്മതിച്ചു. വിവിധ വകുപ്പുകളുടെ ഡീന്‍മാരുടെ യോഗത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷനേയും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സിയേയും തീരുമാനം അറിയിച്ചിട്ടുണ്ടെന്നും സര്‍വകലാശാല വൃത്തങ്ങള്‍ അറിയിച്ചു. കേന്ദ്ര സര്‍വകലാശാലയായ ജാമിയയുടെ തീരുമാനം യു.ജി.സി അംഗീകരിക്കുമോ എന്ന ചോദ്യത്തിന്, തനിക്ക് അറിയില്ലെന്ന് ജാഫ്രി പറഞ്ഞു. അംഗീകരിക്കുന്നില്ലെങ്കില്‍ എന്തു ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.