ഏഴാം ക്ലാസ്സ് വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ചു, അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ- അധ്യാപകന്റെ പീഡനത്തെ തുടര്‍ന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. വെല്ലൂര്‍ ജില്ലയില്‍ കാട്പാഡിക്ക് സമീപം തിരുവലത്തിലുള്ള സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് ആത്മഹത്യശ്രമം നടത്തിയത്. സംഭവത്തില്‍ മുരളി കൃഷ്ണയെന്ന അധ്യാപകനാണ് പോക്‌സോ കേസ് ചുമത്തി അറസ്റ്റിലായത്. മുരളി കൃഷ്ണയെക്കുറിച്ച് ഇതിനു മുമ്പും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നെന്ന് രക്ഷിതാക്കള്‍ പറയുന്നു.

പെണ്‍കുട്ടിയുടെ അമ്മ പത്ത് ദിവസം മുമ്പ് സ്‌കൂളിലെത്തി മുരളി കൃഷ്ണയോട് ഇനി ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇനിയും ശല്യം ചെയ്താല്‍ പോലീസില്‍ പരാതി നല്‍കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എങ്കിലും അധ്യാപകന്‍ ശല്യപ്പെടുത്തുന്നത് തുടര്‍ന്നു. രണ്ട് ദിവസം മുമ്പ് പെണ്‍കുട്ടിക്ക് കത്തും നല്‍കി. റാണിപ്പേട്ട ജില്ലയിലെ ചീക്കാപുരത്തെ ഹൗസിംഗ് ബോര്‍ഡ് കോളനിയിലെ വീട്ടിലേക്ക് വരൂവെന്ന് ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.

രക്ഷിതാക്കളോട് പറഞ്ഞ് കരഞ്ഞ പെണ്‍കുട്ടി കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയിരുന്നില്ല. രക്ഷിതാക്കള്‍ സമാധാനപ്പെടുത്തിയെങ്കിലും കരഞ്ഞുകൊണ്ടിരുന്നു. തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന വാര്‍ണിഷ് എടുത്ത് കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ബോധരഹിതയായ പെണ്‍കുട്ടിയെ വെല്ലൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. സംഭവത്തില്‍ രക്ഷിതാക്കള്‍ തിരുവലം പോലീസില്‍ പരാതി നല്‍കി.

 

Latest News