ശ്രീനഗര്‍-കശ്മീരിലെ പൂഞ്ച് ജില്ലയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. ബാലക്കോട്ട് സെക്ടറില്‍ രാവിലെ ഏഴേ മുക്കാലോടെയാണ് ആക്രമണം തുടങ്ങിയത്. വീടിനുമുകളില്‍ പതിച്ച ഷെല്ലാണ് ചൗധരി മുഹമ്മദ് റംസാന്‍, ഭാര്യ, മൂന്ന് ആണ്‍മക്കള്‍ എന്നിവരുടെ ജീവനെടുത്തത്. ആക്രമണത്തില്‍ ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കാണ് പരിക്ക്. സിവിലിയന്മാരെ ലക്ഷ്യമിട്ടാണ്് പാക് സൈന്യത്തിന്റെ വെടിവെപ്പെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയില്‍നിന്ന് ഗ്രാമവാസികളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്.
വേണ്ടിവന്നാല്‍ അതിര്‍ത്തി കടന്നും ഇന്ത്യ തിരിച്ചടിക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുന്നുണ്ട്. പാക്കിസ്ഥാന്റെ ഏതു തരരത്തിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനവും നേരിടുമെന്ന് പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞയാഴ്ച്ച വ്യക്തമാക്കിയിരുന്നു. ജനുവരിയില്‍ മാത്രം 209 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്.