Sorry, you need to enable JavaScript to visit this website.

ബഖാല സൗദിവത്കരണം:  രണ്ടാം ഘട്ടം ഇന്നു മുതൽ

റിയാദ്- ബഖാലകളിലും സെൻട്രൽ മാർക്കറ്റുകളിലും രണ്ടാം ഘട്ട സൗദിവത്കരണം ഇന്നു (തിങ്കൾ) മുതൽ പ്രാബല്യത്തിലാവും. ഒരു വർഷത്തെ സമയപരിധിക്ക് ശേഷമാണ് പദ്ധതി മാനവ ശേഷി വിഭവ മന്ത്രാലയം നടപ്പാക്കുന്നത്. 
300 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കുറയാത്ത ബഖാല (ചില്ലറ വിൽപന കേന്ദ്രം) കളും 500 ചതുരശ്ര മീറ്ററിൽ കുറയാത്ത സെൻട്രൽ മാർക്കറ്റുകളും സൗദിവത്കരണ പരിധിയിൽ വരും. പാക്ക് ചെയ്ത ഭക്ഷണ പദാർഥങ്ങൾ, ശരീര സംരക്ഷണ ഉപകരണങ്ങൾ, ക്ലീനിംഗ് വസ്തുക്കൾ, പ്ലാസ്റ്റിക്, പേപ്പർ ഉൽപന്നങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളെയാണ് പ്രധാനമായും സൗദിവത്കരണം ബാധിക്കുക.
ഇത്തരം സ്ഥാപനങ്ങളിൽ ഡിപ്പാർട്ട്‌മെന്റ് സൂപ്പർവൈസർ തസ്തികയിൽ ഇതുവരെ 50 ശതമാനം വിദേശികളെ നിയമിക്കാമായിരുന്നു. എന്നാൽ ഇനി മുതൽ ഈ തസ്തികയിൽ പൂർണമായും സൗദികളെ നിയമിക്കണം. ഡിപ്പാർട്ട്‌മെന്റ് മാനേജർ, ബ്രാഞ്ച് അസിസ്റ്റന്റ് മാനേജർ, ബ്രാഞ്ച് മാനേജർ എന്നീ തസ്തികകളിൽ 50 ശതമാനമാണ് സൗദിവത്കരണം നിർബന്ധമുള്ളത്. കസ്റ്റമർ അക്കൗണ്ടന്റ്, കാഷ് കൗണ്ടർ സൂപ്പർവൈസർ, കസ്റ്റമർ സർവീസ് എന്നീ തസ്തികകൾ കഴിഞ്ഞ ഒക്ടോബറിലെ ഒന്നാം ഘട്ടത്തിൽ തന്നെ സമ്പൂർണ സൗദിവത്കരണം നടപ്പാക്കിയതാണ്. എന്നാൽ കടകളിലെ റാക്കുകൾ ക്രമീകരിക്കുന്നതിന് വിദേശികളെ നിയമിക്കാവുന്നതാണ്. ഈ മേഖലയിൽ സൗദിവത്കരണം നിർബന്ധമില്ല. അതേസമയം 300 ചതുരശ്ര മീറ്ററിൽ കുറവുള്ള ബഖാലകൾക്കും 500 ചതുരശ്ര മീറ്ററിൽ കുറവുള്ള സെൻട്രൽ മാർക്കറ്റുകൾക്കും ഈ വ്യവസ്ഥ ഇപ്പോൾ ബാധകമല്ല.
തൊഴിലന്വേഷകരായ സൗദി പൗരന്മാർക്ക് തൊഴിൽ ഉറപ്പാക്കുക, അവർക്ക് പരിശീലനം നൽകുക, തൊഴിൽ സ്ഥിരതക്ക് അവസരം നൽകുക എന്നിവ മുൻനിർത്തിയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മാനവശേഷി മന്ത്രാലയം വിശദീകരിച്ചു.
 

Latest News