സൂറത്ത്- മോഡി-യോഗി ജോഡിയെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍. ഗുജറാത്തിലെ സൂറത്തില്‍ സ്ഥിരതാമസമാക്കിയവരടക്കം നിരവധി പേരുടെ പിന്തുണയോടെയാണ് ബിജെപി യുപിയില്‍ അധികാരം നിലനിര്‍ത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യോഗി ആദിത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള കൂട്ടുകെട്ടിനെ തകര്‍ക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്ന് അവര്‍ പറഞ്ഞു.
ജില്ലയിലെ ഓള്‍പാഡ് താലൂക്കിലെ വഡോഡില്‍ സമസ്ത പാട്ടിദാര്‍ ആരോഗ്യ ട്രസ്റ്റ് സ്ഥാപിക്കുന്ന കിരണ്‍ മെഡിക്കല്‍ കോളേജിന് തറക്കല്ലിടാന്‍ സൂറത്തിലെത്തിയതായിരുന്നു ഗവര്‍ണര്‍. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
ഗവേഷണ രംഗത്ത് ഇന്ത്യ പിന്നിലാണെന്നും നിര്‍ദിഷ്ട കോളേജില്‍ ഇതിനായി പ്രത്യേക വകുപ്പ് വേണമെന്നും അവര്‍ നിര്‍ദേശിച്ചു.