Sorry, you need to enable JavaScript to visit this website.

ബിര്‍ഭൂം സംഭവത്തില്‍ സി.ബി.ഐ അന്വേഷണം തുടങ്ങി, ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തു

കൊല്‍ക്കത്ത- ബിര്‍ഭും ജില്ലയിലെ ബോഗ്തൂയി കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പേരെ വീടുകള്‍ക്ക് തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സി.ബി.ഐ ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി.

രാംപൂര്‍ഹട്ട് പട്ടണത്തിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ താല്‍ക്കാലിക ക്യാമ്പ് ഓഫീസ് ആരംഭിച്ച കേന്ദ്ര ഏജന്‍സി, ടി.എം.സിയുടെ ബ്ലോക്ക് പ്രസിഡന്റ് അനാറുള്‍ ഹുസൈന്‍ ഉള്‍പ്പെടെ അറസ്റ്റിലായ പ്രതികളില്‍ നാല് പേരെയും ചോദ്യം ചെയ്തു.

സി.ബി.ഐ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ (ഡി.ഐ.ജി) അഖിലേഷ് സിംഗിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം റാംപുര്‍ഹട്ട് മെഡിക്കല്‍ കോളജ് ആശുപത്രി സന്ദര്‍ശിച്ച് പരിക്കേറ്റ നാലുപേരില്‍ മൂന്നുപേരുടെ  മൊഴി രേഖപ്പെടുത്തി.

നിലവില്‍ നാല് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവരില്‍ 65 ശതമാനത്തിലധികം പൊള്ളലേറ്റ ഒരാളുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. സി.ബി.ഐ ഉദ്യോഗസ്ഥര്‍ മൂന്നുപേരുമായി സംസാരിക്കുകയും മൊഴിയെടുക്കുകയും ചെയ്തു- ഒരു മുതിര്‍ന്ന ആശുപത്രി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അറസ്റ്റിലായ പ്രതികളില്‍ അനാറുള്‍ ഹുസൈന്‍ (61) ഉള്‍പ്പെടെ നാല് പ്രതികളെ രാംപൂര്‍ഹട്ട് പോലീസ് സ്റ്റേഷനില്‍നിന്ന് ചോദ്യം ചെയ്യുന്നതിനായി സിബിഐ ക്യാമ്പ് ഓഫീസിലേക്ക് കൊണ്ടുപോയി. രണ്ട് എഫ്ഐആറുകളിലായി അനാറുള്‍ ഹുസൈന്‍ ഉള്‍പ്പെടെ 22 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

തന്റെ ജാമ്യാപേക്ഷ തള്ളിയ കോടതിയില്‍ നിരപരാധിയാണെന്ന് വാദിച്ച ഹുസൈന്‍,  ഗൂഢാലോചനയുടെ ഭാഗമായി കുടുക്കുകയാണെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ടു. സംഭവം നടന്ന രാത്രിയിലെ സിസിടിവി ദൃശ്യങ്ങളും സി.ബി.ഐ തേടിയിട്ടുണ്ട്.  ദൃശ്യങ്ങളിലുള്ളവരെ തിരിച്ചറിയാന്‍ ദൃക്സാക്ഷികളോട് ആവശ്യപ്പെടുമെന്നാണ് വിവരം.

 

Latest News