കൊല്‍ക്കത്ത- ബിര്‍ഭം അക്രമക്കേസില്‍ ബി.ജെ.പി നല്‍കുന്ന നിര്‍ദേശങ്ങളാണ് സി.ബി.ഐ പിന്തുടരുന്നതെങ്കില്‍ പ്രതിഷേധം നേരിടേണ്ടി വരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുന്നറിയിപ്പ് നല്‍കി. സംഭവം ഗൂഢാലോചനയുടെ ഫലമാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും അവര്‍ പറഞ്ഞു.
പശ്ചിമ ബംഗാളിലെ ബിര്‍ഭൂമിലെ രാംപൂര്‍ഹട്ട് മേഖലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവ് ഭാദു ഷെയ്ഖിനെയും ഗ്രാമത്തിലെ ഉപാധ്യക്ഷനേയും കൊലപ്പെടുത്തിയതിനു പിന്നാലെ ജനക്കൂട്ടം കെട്ടിടങ്ങള്‍ക്ക് തീയിട്ടതിനെ തുടര്‍ന്ന് എട്ട് പേര്‍ വെന്തുമരിച്ചിരുന്നു.
കൊല്‍ക്കത്ത ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബിര്‍ഭം അക്രമക്കേസിന്റെ സിബിഐ ഏറ്റെടുത്തു. കസ്റ്റഡിയിലെടുത്ത രേഖകളും കുറ്റാരോപിതരേയും കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അന്വേഷണ സംഘത്തോട് (എസ്‌ഐടി)കോടതി ആവശ്യപ്പെടുകയും ചെയ്തു.
രാംപൂര്‍ഹട്ട് സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നു. സിബിഐ ചുമതല ഏറ്റെടുത്തു. ഇത് നല്ല തീരുമാനമാണ്, പക്ഷേ അവര്‍ ബിജെപിയുടെ നിര്‍ദ്ദേശങ്ങളാണ് പിന്തുടരുന്നതെങ്കില്‍ പ്രതിഷേധം നേരിടെണ്ടി വരും- മമത പറഞ്ഞു.
ഒരു തൃണമൂല്‍ പ്രവര്‍ത്തകനെ മറ്റൊരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊലപ്പെടുത്തി. എന്നാല്‍ എല്ലായിടത്തും ടി.എം.സി മാത്രമാണ് വിമര്‍ശിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിഷയം അന്വേഷിക്കാനും രാംപൂര്‍ഹട്ട് സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം അറിയാനും തങ്ങള്‍ നിരവധി നടപടികള്‍ കൈക്കൊണ്ടതായും മമത അവകാശപ്പെട്ടു.