കൊല്ലം- ക്ഷേത്ര ദര്‍ശനത്തിന്റെ മറവില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ നീണ്ടകരയില്‍ ദമ്പതിമാര്‍ ഉള്‍പ്പെടെ നാല് പേര് അറസ്റ്റില്‍. നീണ്ടകര ചീലാന്തി ജങ്ഷനു സമീപം പുലര്‍ച്ചെയാണ് 25 കിലോ കഞ്ചാവുമായി സംഘം പിടിയിലായത്. കാറിന്റെ ഡോര്‍ ഭാഗത്തു പൊതികളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്നുവെന്ന വ്യാജേനയാണ് സംഘം കഞ്ചാവ് കടത്തിയതെന്ന് പോലീസ് പറഞ്ഞു.
ആറ്റിങ്ങല്‍ കിഴുവില്ലം പറയത്ത് കോണം പടിഞ്ഞാറ്റെവിള പുത്തന്‍വീട്ടില്‍ വിഷ്ണു (27), ഭാര്യ സൂര്യ, കൊല്ലം തൃക്കടവൂര്‍ മുരന്തല്‍ ചേരി സരിതാ ഭവനില്‍ അഭയ്ബാബു (21), കൊല്ലം കടപ്പാക്കട ശാസ്ത്രി ജങ്ഷനില്‍ ഇടയിലഴികം പുരയിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ഉണ്ണിക്കൃഷ്ണന് (27) എന്നിവരാണ് അറസ്റ്റിലായത്.
വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് കൊല്ലം നഗരത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു സംഘത്തിന്റെ ലക്ഷ്യം. സമാനമായ രീതിയില്‍ ഇവര്‍ നേരത്തെയും കഞ്ചാവ് കടത്തിയതായി സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
മൂന്ന് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ നല്കിയ സൂചനയെത്തുടര്‍ന്നാണ് നാലാമനായ കൊല്ലം സ്വദേശി ഉണ്ണിക്കൃഷ്ണന് അറസ്റ്റിലായത്.
കഞ്ചാവ് കൊണ്ടുവന്നത് ഇയാള്‍ക്ക് വേണ്ടിയാണ് എന്ന് കാറിലുണ്ടായിരുന്നവര്‍ അറിയിക്കുകയായിരുന്നു.