മുംബൈ- ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കോവിഡ് മൂലം ഉണ്ടായിരുന്ന നിയന്ത്രണം ഒഴിവാക്കി സര്‍വീസുകള്‍ മുന്‍പുള്ള സ്ഥിതിയിലായി. ഇതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്നാണു വിലയിരുത്തല്‍. വിമാനയാത്രയ്ക്കും വിമാനത്താവങ്ങള്‍ക്കുമുള്ള കോവിഡ് മാര്‍ഗരേഖയിലും കേന്ദ്ര സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തി. സാമൂഹിക അകലം ഉറപ്പാക്കാന്‍ സീറ്റുകള്‍ ഇനി ഒഴിച്ചിടേണ്ടതില്ല. വിമാനങ്ങളിലെ കാബിന്‍ ക്രൂ പിപിഇ കിറ്റ് ധരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലെ സുരക്ഷാജീവനക്കാര്‍ക്കു ദേഹപരിശോധന നടത്താനും തടസ്സമില്ല. മാസ്‌ക് ധരിക്കുന്നതു തുടരണം.2020 മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. പിന്നീട് സസ്‌പെന്‍ഷന്‍ പലവട്ടമായി പുതുക്കുകയായിരുന്നു. രാജ്യാന്തര വിമാന സര്‍വീസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതല്‍ തന്നെ സ്‌പെഷല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നു. പലേടത്തും യാത്രക്കാര്‍ക്ക് താങ്ങാനാവാത്ത നിരക്കാണ് ഇത്തരം ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ഈടാക്കിയിരുന്നത്.