ഇസ്ലാമാബാദ്- പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരായ വിശ്വാസ വോട്ടെടുപ്പ് അടുത്തതോടെ ഭരണകക്ഷിയായ പാക്കിസ്ഥാന്‍ തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി(പിടിഐ)യുടെ 50ലേറെ മന്ത്രിമാരെ പൊതുരംഗത്ത് കാണാതായെന്ന് പാക് പത്രമായ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപോര്‍ട്ട് ചെയ്തു. കേന്ദ്ര മന്ത്രിമാരും പ്രവിശ്യാ മന്ത്രിമാരും ഉന്നതരും ഈക്കൂട്ടത്തിലുള്‍പ്പെടും. രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനു പിന്നാലെയാണ് ഇവര്‍ പൊതുരംഗത്ത് നിന്ന് അപ്രത്യക്ഷരായത്. ഈ മന്ത്രിമാരില്‍ 25 പേര്‍ പ്രവിശ്യാ ഉപദേശകരും സ്‌പെഷ്യല്‍ അസിസ്റ്റന്റുമാരും നാലു പേര്‍ സഹമന്ത്രിമാരുമാണ്.
പ്രധാനമന്ത്രിക്കെതിരായ വിശ്വാസ വോട്ട് മാര്‍ച്ച് 28ലേക്ക് മാറ്റി വച്ചതോടെ സഖ്യകക്ഷികളെ പാട്ടിലാക്കാനുള്ള തിരക്കിട്ട ശ്രമത്തിലാണ് പിടിഐ. കേന്ദ്ര മന്ത്രിമാരില്‍ എല്ലാവരുടേയും പിന്തുണ പ്രധാനമന്ത്രിക്കുണ്ട്. ഇവരില്‍ പ്രമുഖര്‍ ഇംറാനു വേണ്ടി രംഗത്തുമുണ്ട്.
പാക്കിസ്ഥാന്‍ പാര്‍ലമെന്റ് ആയ നാഷണനല്‍ അസംബ്ലിയില്‍ 342 അംഗങ്ങളാണുള്ളത്. ഭൂരിപക്ഷ അംഗബലം 172 ആണ്. പിടിഐയുടെ നേതൃത്വത്തിലുള്ള സഖ്യത്തിന് 179 അംഗങ്ങളുണ്ട്. ഇതില്‍ ഇംറാന്‍ ഖാന്റെ പാര്‍ട്ടിയായ പിടിഐക്കു മാത്രം 155 അംഗങ്ങളുണ്ട്. മുത്തഹിദ ഖൗമി മൂവ്‌മെന്റ്, പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-ക്യൂ, ബലൂചിസ്ഥാന്‍ അവാമി പാര്‍ട്ടി, ഗ്രാന്‍ഡ് ഡെമോക്രാറ്റിക് അലയന്‍സ് എന്നിവരാണ് പിടിഐയുടെ സഖ്യകക്ഷികള്‍. ഇവരുടെ സീറ്റ് നില യഥാക്രമം ഏഴ്, അഞ്ച്, അഞ്ച്, മൂന്ന് എന്നിങ്ങനെയാണ്.