Sorry, you need to enable JavaScript to visit this website.

തട്ടമിട്ട വിദ്യാര്‍ത്ഥിനി ക്ലാസ്മുറിയില്‍ നമസ്‌കരിച്ചു; കേന്ദ്ര സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടു

ഭോപാല്‍- മധ്യപ്രദേശിലെ സാഗറില്‍ ഡോ. ഹരിസിങ് ഗൗര്‍ സാഗര്‍ യൂനിവേഴ്‌സിറ്റിയില്‍ ക്ലാസ് മുറിയില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടി നമസ്‌ക്കരിക്കുന്ന വിഡിയോ പ്രചരിച്ചതിനു പിന്നാലെ സംഭവത്തില്‍ യൂനിവേഴ്‌സിറ്റി അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഹിന്ദുത്വ തീവ്രവാദ സംഘടനയായ ഹിന്ദു ജാഗരണ്‍ മഞ്ച് ആണ് പരാതിയുമായി കേന്ദ്ര സര്‍വകലാശാലയെ സമീപിച്ചത്. പരാതിക്കൊപ്പം സമൂഹ മാധ്യമത്തില്‍ പ്രചരിച്ച നമസ്‌കരിക്കുന്ന വിഡിയോയും ഇവര്‍ സമര്‍പ്പിച്ചിട്ടുണ്ട്.

സംഭവം അന്വേഷിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും മതപരമായ ആരാധനകള്‍ വീട്ടില്‍ നിന്ന് നിര്‍വഹിക്കണമെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വി സി നീലിമ ഗുപ്ത പറഞ്ഞു. അഞ്ചംഗ സമിതി അന്വേഷണം നടത്തി മൂന്നു ദിവസത്തിനകം റിപോര്‍ട്ട് നല്‍കുമെന്നും ഇതു ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും രജിസ്ട്രാര്‍ സന്തോഷ് സഹഗൗര പറഞ്ഞു. യൂനിവേഴ്‌സിറ്റിയില്‍ പ്രത്യേക വസ്ത്രധാരണ ചട്ടം നിലവിലില്ലെന്നും എന്നാല്‍ വിദ്യാര്‍ത്ഥികള്‍ സദാചാരപ്രകാരം വസ്ത്ര ധരിച്ചവരായിരിക്കണമെന്നും യൂനിവേഴ്‌സിറ്റി വക്താവ് വിവേക് ജയ്‌സ്വാള്‍ പറഞ്ഞു. 

വിഡിയോയില്‍ കാണുന്ന വിദ്യാര്‍ത്ഥിനി ഏറെ കാലമായി ഹിജാബ് ധരിച്ച് ക്ലാസില്‍ വരുന്നുണ്ടെന്നും വെള്ളിയാഴ്ചയാണ് ഈ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ നമസ്‌കരിക്കുന്നത് കണ്ടതെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് നേതാവ് ഉമേഷ് സറഫ് പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനത്തില്‍ ഇത് അനുവദിക്കരുതെന്നും ഇത് എല്ലാ മതക്കാര്‍ക്കുമുള്ള ഇടമാണെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ് മുറിയില്‍ ഹിജാബ് പാടില്ലെന്ന കര്‍ണാടക ഹൈക്കോടതിയുടെ വിധി ചൂണ്ടിക്കാട്ടി ഈ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് വിസിക്കും രജിസ്ട്രാറിനും പരാതി നല്‍കിയതായും വിവേക് പറഞ്ഞു.

Latest News