Sorry, you need to enable JavaScript to visit this website.

അവശ്യ മരുന്നുകളുടെ മൊത്തവില കുത്തനെ കൂടി

ന്യൂദല്‍ഹി- അവശ്യ മരുന്നുകളുടെ മൊത്തവിലയില്‍ വന്‍ വര്‍ധനവ്. അവശ്യ മരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വിലയില്‍ 10.7 % വര്‍ധനവാണ് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. പട്ടികയില്‍ ഉള്‍പ്പെട്ട 800 മരുന്നുകളുടെ വില ഇതോടെ വര്‍ധിക്കും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാകും ചില്ലറ വില്‍പനക്കുള്ള മരുന്നുകളുടെ വിലയും നിര്‍ണയിക്കുന്നത്. മരുന്നുകളുടെ ഉയര്‍ന്ന വില ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും.
മരുന്നുകളുടെ വിലയില്‍ കുത്തനെ ഉണ്ടാകുന്ന വര്‍ധനവ് ജനങ്ങളെ പ്രതികൂലമായി ബാധിക്കും. രോഗികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഡ്രഗ് ആക്ഷന്‍ നെറ്റ്‌വര്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ വിലക്കയറ്റത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തി. എന്നാല്‍, ഇതിനു മുന്‍പ് മൊത്ത വിലയില്‍ നാലു ശതമാനം വര്‍ധനവുണ്ടായപ്പോഴും അവശ്യമരുന്നുകളുടെ ചില്ലറ വിലയില്‍ മാറ്റമുണ്ടാകാത്ത സാഹചര്യവും ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇത്തവണ പത്തു ശതമാനത്തിലേറെ വര്‍ധനവ് ഉണ്ടായതിനാല്‍ ഇത് ചില്ലറ വിലയിലും പ്രതിഫലിക്കും എന്നു തന്നെയാണ് വിലയിരുത്തല്‍.
പനി, ഇന്‍ഫക്ഷന്‍, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദം, ത്വക്ക് രോഗങ്ങള്‍, അനീമിയ തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വിലയാണ് ഇതോടെ വര്‍ധിക്കുന്നത്. പാരസെറ്റാമോളിന് പുറമേ, ഫിനോര്‍ബാര്‍ബിറ്റോണ്‍, ഫിനൈറ്റോയിന്‍ സോഡിയം, അസിത്രോമൈസിന്‍, സിപ്രോഫ്‌ലോക്‌സാസിന്‍ ഹൈഡ്രോക്ലോറൈഡ്, മെട്രോനൈഡസോള്‍, ഫോളിക് ആസിഡ്, മിനറല്‍സ് എന്നിവയും വില കൂടുന്ന മരുന്നുകളില്‍ ഉള്‍പ്പെടുന്നു. കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രിഡ്‌നിസോളോണ്‍ സ്റ്റിറോയിഡുകളുടെയും വില കൂടും. മരുന്നുകള്‍ക്കു പുറമേ കൊറോണറി സ്‌റ്റെന്റ്, നീ ഇംപ്ലാന്റ്‌സ് എന്നിവയുടെയും വില ഇതോടൊപ്പം വര്‍ധിക്കും.  
അവശ്യ മരുന്നുകളുടെ വിലയില്‍ ഒറ്റയടിക്ക് പത്തു ശതമാനത്തില്‍ അധികം വില വര്‍ധിക്കുന്നത് ദീര്‍ഘകാലത്തിനിടെ ഇതാദ്യമായാണ്. സാധാരണയായി അവശ്യമരുന്നുകളുടെ വിലയില്‍ പ്രതിവര്‍ഷം രണ്ടോ മൂന്നോ ശതമാനം മാത്രമാണ് വില വര്‍ധിച്ചിരുന്നത്. മൊത്തവില സൂചികയിലെ വര്‍ധനവില്‍ കഴിഞ്ഞ ജനുവരി മുതല്‍ മാറ്റമില്ലാതെ തുടരുന്നതിനാലാണ് മരുന്നുകളുടെ മൊത്ത വിലയും വര്‍ധിപ്പിക്കണമെന്ന് നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അഥോറിറ്റി ഓഫ് ഇന്ത്യയോട് വാണിജ്യ മന്ത്രാലയത്തിലെ സാമ്പത്തിക ഉപദേഷ്ടാവ് നിര്‍ദേശിച്ചത്.
അവശ്യമരുന്നുകളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത മരുന്നുകളുടെ വില 20 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ഡ്രഗ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. ഉത്പാദന ചെലവ് വര്‍ധിച്ചതിനാല്‍ മരുന്നുകളുടെ വില വര്‍ധിപ്പിക്കാന്‍ അനുവദിക്കണം എന്നാണ് ഇവരുടെ ആവശ്യം. അവശ്യ മരുന്നു പട്ടികയുടെ പുറത്തുള്ള മരുന്നുകളുടെ വിലയില്‍ പ്രതിവര്‍ഷം പത്തു ശതമാനം വരെ വര്‍ധിപ്പിക്കാനാണു നിലവില്‍ അനുമതിയുള്ളത്.     

 

 

Latest News