Sorry, you need to enable JavaScript to visit this website.

കിറ്റക്സ് എം.ഡി സാബുവിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

ന്യൂദല്‍ഹി- തൊഴിലാളിയുടെ അപകടമരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്ന കിറ്റക്സ് എം.ഡി സാബു എം.ജേക്കബിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. എന്നാല്‍ കിറ്റക്സിന്റെ ഫാക്ടറി നടത്തിപ്പിന്റെ ചുമതല തനിക്ക് അല്ലായിരുന്നുവെന്ന സാബുവിന്റെ വാദം പരിശോധിക്കേണ്ടത് വിചാരണ കോടതി ആണെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

2014 മെയ് 24 ന് കിറ്റക്സ് ഫാക്ടറിയില്‍ ഉണ്ടായ അപകടത്തിലാണ് പി.ജെ. അജീഷ് എന്ന തൊഴിലാളി മരിച്ചത്. അപകട മരണത്തെ തുടര്‍ന്ന്, ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് ഇന്‍സ്‌പെക്ടര്‍ നല്‍കിയ പരാതിയില്‍ മജിസ്‌ട്രേറ്റ് സാബുവിനെതിരെ കേസെടുത്തു. ഫാക്ടറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. കോലഞ്ചേരി മജിസ്ട്രേറ്റ് കോടതിയില്‍ നിലവിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കിറ്റക്സ് എംഡി സുപ്രീം കോടതിയെ സമീപിച്ചത്.

മാനേജിംഗ് ഡയറക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല ഫാക്ടറിയെന്നും അതിനാല്‍ സാബുവിന് എതിരായ ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ വാദിച്ചു. ഫാക്ടറിയുടെ നടത്തിപ്പിന് ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഉണ്ടായിരുന്നു. ആ ഉദ്യോഗസ്ഥന് എതിരേയായിരുന്നു കേസ് എടുക്കേണ്ടത് എന്നും ഹാരിസ് ആവശ്യപ്പെട്ടു.

 

Latest News