കാബൂൾ- അഫ്ഗാനിസ്ഥാനിൽ സോഷ്യൽ മീഡിയയിൽ കത്തി നിൽക്കുകയാണ് ഡോണൾഡ് ട്രംപ്. എന്നാൽ ഈ തിളങ്ങിനിൽക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപല്ല. എന്നാൽ ഈ ട്രംപിന് യു.എസിലെ കോടീശ്വരനായ പ്രസിഡന്റ് ട്രംപുമായി ഒരു ബന്ധമുണ്ട്. ഈ ബന്ധത്തെ ചൊല്ലി ഇപ്പോൾ സോഷ്യൽ മീഡിയ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത് സെയ്ദ് അബ്ദുല്ല പൂയ എന്ന യുവ അധ്യാപകനേയും കുടുംബത്തേയുമാണ്. അബ്ദുല്ലക്കും കുടുംബത്തിനുമെതിരെ തെറി വിളികളും ഭീഷണികളും തുടരുമ്പോഴും കവിളിലെ ചുവപ്പ് മാറാത്ത രണ്ടര വയസുകാരൻ മകൻ ഡോണൾഡ് ട്രംപ് ഒന്നുമറിയാതെ കാബൂളിലെ വീട്ടിൽ തന്റെ കളിപ്പാട്ടങ്ങൾക്കു നടുവിൽ കളിയിലാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ജീവചരിത്രം വായിച്ച് പ്രചോദിതനായ അബ്ദുല്ല തന്റെ മൂന്നാമത്തെ കുഞ്ഞിന് അദ്ദേഹത്തിന്റെ പേര് നൽകിയതാണ് ഈ പുകിലെല്ലാം ഉണ്ടാക്കിയത്. രണ്ടര വയസ്സുകാരൻ ട്രംപിന്റെ ഐ.ഡി ആരോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് തുടക്കം. ഇതു വൈറലായതോടെ ഒരു അവിശ്വാസിയുടെ പേര് സ്വന്തം കുഞ്ഞിനിട്ട അബദുല്ലക്കെതിരെ തെറിവിളികളും ഭീഷണികളും അശ്ലീല കമന്റുകളും പരന്നു. മകന് അവിശ്വാസിയുടെ പേരിട്ട അബ്ദുല്ലയെ കൊല്ലണമെന്നും ചിലർ ഭീഷണി മുഴക്കുന്നു. മറ്റു ചിലർ അമേരിക്കയിൽ അഭയം ലഭിക്കാൻ അബ്ദുല്ല ഒപ്പിച്ചതാണിതെന്നും കഥയുണ്ടാക്കി. പക്ഷെ, എല്ലാം നിഷേധിക്കുന്ന അബ്ദുല്ലക്ക് പറയാനുള്ള കഥ മറ്റൊന്നാണ്.
ഈ പേര് അഫ്ഗാനികളെ ഇത്രയ്ക്ക് പ്രകോപിതരാക്കുമെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് അബ്ദുല്ല എ.എഫ്.പിയോട് പറയുന്നു. ഫെയ്‌സ്ബുക്കിൽ മകന്റെ ഐഡി വന്നത് വിവാദമായതോടെ സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ട് പൂട്ടേണ്ടി വന്നു. കാബൂളിൽ ശിയാ മേഖലയിലെ വാടക വീടുപേക്ഷിച്ചു പോകാൻ ചില അയൽക്കാർ പോലും അബദുല്ലയെ ഭീഷണിപ്പെടുത്തുന്നുണ്ട്. ഇപ്പോൾ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.