ചണ്ഡീഗഢ്- പഞ്ചാബില്‍ മുന്‍ എംഎല്‍എമാര്‍ വാങ്ങുന്ന അധികപെന്‍ഷനുകളെല്ലാം റദ്ദാക്കുന്നതായി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പ്രഖ്യാപിച്ചു. മുന്‍ എംഎല്‍എമാര്‍ക്ക് ഇന് ഒരു പെന്‍ഷന്‍ മാത്രമെ ലഭിക്കൂ. നേരത്തെ ഓരോ തവണ എംഎല്‍എമാരാകുന്നതിനും വെവ്വേറെ പെന്‍ഷനുകള്‍ ലഭിച്ചിരുന്നു. 75000 രൂപയാണ് മുന്‍ എംഎല്‍എമാരുടെ പെന്‍ഷന്‍ തുക. പല പെന്‍ഷനുകളിലായി പ്രതിമാസം ലക്ഷക്കണക്കിന് രൂപ പെന്‍ഷന്‍ വാങ്ങുന്ന മുന്‍ എംഎല്‍എമാരും സംസ്ഥാനത്തുണ്ട്. ഇവരില്‍ ചിലര്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ എംപിമാര്‍ക്കുള്ള പെന്‍ഷന്‍ വാങ്ങുന്നവരും ഉള്‍പ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ രീതി നിര്‍ത്തലാക്കാനാണ് എഎപി സര്‍ക്കാരിന്റെ തീരുമാനമെന്നും ഒരു എംഎല്‍എക്ക് ഒരു പെന്‍ഷന്‍ മതിയെന്നും ഒരു വിഡിയോ സന്ദേശത്തിലൂടെ മുഖ്യമന്ത്രി അറിയിച്ചു. എംഎല്‍എമാരുടെ കുടുംബ പെന്‍ഷനും സമാന രീതിയില്‍ ഏകീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മൂന്നര ലക്ഷം രൂപയും 5.25 ലക്ഷം രൂപ വരേയും പ്രതിമാസം പെന്‍ഷന്‍ വാങ്ങുന്ന മുന്‍ എംഎല്‍മാരുണ്ട്. ഇത് വെട്ടിച്ചുരുക്കുന്നതു വഴി അഞ്ചു വര്‍ഷത്തിനിടെ 80 കോടി രൂപ സര്‍ക്കാരിന് ലാഭിക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.