Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഓണ്‍അറൈവല്‍ വിസ പുനസ്ഥാപിച്ചു, എല്ലാ രാജ്യക്കാര്‍ക്കുമില്ല

റിയാദ് - കൊറോണ മഹാമാരി നിയന്ത്രണ വിധേയമാവുകയും പകര്‍ച്ചവ്യാധി വ്യാപനം തടയാന്‍ ശ്രമിച്ച് ബാധകമാക്കിയ നിയന്ത്രണങ്ങള്‍ എടുത്തുകളയുകയും ചെയ്തതിനു പിന്നാലെ വിദേശികള്‍ക്ക് ഓണ്‍അറൈവല്‍ വിസ പുനഃസ്ഥാപിച്ച് സൗദി അറേബ്യ. അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ കാലാവധിയുള്ള വിസയുള്ളവര്‍ക്കും കാലാവധിയുള്ള ഷെന്‍ഗന്‍ വിസയുള്ളവര്‍ക്കും ഇനി മുതല്‍ സൗദിയില്‍ പ്രവേശിക്കാന്‍ മുന്‍കൂട്ടി വിസ നേടേണ്ടതില്ല. ഇവര്‍ക്ക് ഓണ്‍അറൈവല്‍ വിസ ലഭിക്കും. രണ്ടാഴ്ച മുമ്പാണ് സൗദിയില്‍ കൊറോണ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത്. ഇതോടെ രാജ്യത്ത് സ്ഥിതിഗതികള്‍ കൊറോണ മഹാമാരിക്കു മുമ്പത്തെതു പോലെ സാധാരണ നിലയിലായി.
കാലാവധിയുള്ള ഷെന്‍ഗന്‍ വിസയുള്ളവരും അമേരിക്കയുടെയും ബ്രിട്ടന്റെയും കാലാവധിയുള്ള വിസയുള്ളവരും ആയ, സൗദിയ, നാസ് എയര്‍, ഫ്‌ളൈ അദീല്‍ എന്നീ വിമാന കമ്പനികളിലെ യാത്രക്കാര്‍ക്ക് 12 മാസ കാലാവധിയുള്ള ടൂറിസ്റ്റ് വിസ സൗദി എയര്‍പോര്‍ട്ടുകളില്‍ വെച്ച് ലഭിക്കും. ഇതിന് മുന്‍കൂട്ടി അപേക്ഷ നല്‍കുകയോ വിസ നേടുകയോ ചെയ്യേണ്ടതില്ല.
കാലാവധിയുള്ള ഷെന്‍ഗന്‍ വിസയുള്ളവരും അമേരിക്കയുടെയും ബ്രിട്ടന്റെയും കാലാവധിയുള്ള വിസയുള്ളവരും സൗദിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി ഒരിക്കലെങ്കിലും വിസ അനുവദിച്ച രാജ്യത്തോ മേഖലയിലോ പ്രവേശിക്കണമെന്ന് വ്യവസ്ഥയുണ്ട്. 2019 ല്‍ സൗദി അറേബ്യ ആരംഭിച്ച ഇ-വിസ പ്രോഗ്രാം ആനുകൂല്യത്തിന് അര്‍ഹരായ രാജ്യക്കാര്‍ക്ക് ഓണ്‍അറൈവല്‍ വിസ ലഭിക്കും.
ഓണ്‍അറൈവല്‍ വിസ ലഭിക്കാന്‍ മുഴുവന്‍ സന്ദര്‍ശകരും കൊറോണക്കെതിരായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി നേടല്‍ നിര്‍ബന്ധമാണ്. സൗദിയിലെ മുഴുവന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും കൊറോണക്കെതിരായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി ലഭിക്കും.
ടൂറിസത്തിനും ജോലിക്കും ഹജും ഉംറയും നിര്‍വഹിക്കാനും ലോകത്ത് എത്താവുന്ന ഏറ്റവും പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ ഒന്നാണ് സൗദി അറേബ്യയെന്ന് ടൂറിസം മന്ത്രിയും സൗദി ടൂറിസം അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ അഹ്മദ് അല്‍ഖതീബ് പറഞ്ഞു. വിദേശികള്‍ക്ക് ഓണ്‍അറൈവല്‍ വിസകള്‍ അനുവദിക്കുന്നത് ടൂറിസം മേഖലാ വളര്‍ച്ച ശക്തിപ്പെടുത്തുകയും തൊഴില്‍, നിക്ഷേപ അവസരങ്ങള്‍ ലഭ്യമാക്കാനും സഹായിക്കും. സൗദിയിലെ പ്രധാന അടയാളങ്ങള്‍, സംസ്‌കാരം, പൈതൃകം, സൗദി സമൂഹത്തിന്റെ ഉദാരത എന്നിവ അടക്കം സൗദി ടൂറിസം മുന്നോട്ടുവെക്കുന്ന നിധികള്‍ ആസ്വദിക്കാന്‍ ലോകത്തെങ്ങും നിന്നുമുള്ള സന്ദര്‍ശകരെയും ടൂറിസ്റ്റുകളെയും അഹ്മദ് അല്‍ഖതീബ് ക്ഷണിച്ചു.

 

 

Latest News