Sorry, you need to enable JavaScript to visit this website.

ഒരാളേയും ദ്രോഹിക്കില്ല, വികസനത്തിന് തുരങ്കം വെക്കുന്നവര്‍ക്ക് ഊര്‍ജം പകരരുത്-പിണറായി

ന്യൂദല്‍ഹി- ഒരാളെയും ദ്രോഹിച്ചു കൊണ്ടു സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്ക് ഏറ്റവും നല്ല രീതിയിലുള്ള നഷ്ടപരിഹാരം നല്‍കും. ഈ പദ്ധതി കാരണം ഒരാള്‍ പോലും കിടപ്പാടം ഇല്ലാത്തവരായി മാറില്ല. വീട് വിട്ടു കൊടുക്കേണ്ടി വരുന്നവര്‍ക്കു വീടും ഉപജീവനമാര്‍ഗവും സര്‍ക്കാര്‍ ഉറപ്പു നല്‍കും. നഷ്ടപരിഹാരത്തിന് കാലതാമസം ഉണ്ടാകില്ല.
ഒരു വികസനവും നാട്ടില്‍ നടക്കാന്‍ പാടില്ല എന്ന ചിന്തയാണ് പദ്ധതിയെ എതിര്‍ക്കുന്ന പ്രതിപക്ഷം അടക്കമുള്ളരെ നയിക്കുന്നത്. വൈകാരികമായ വ്യാജ പ്രചാരണങ്ങളില്‍ തെറ്റിദ്ധരിക്കപ്പെട്ട് വികസന വിരുദ്ധ സമരത്തിനിറങ്ങിയവര്‍ പിന്നീട് നിലപാട് മാറ്റിയത് ഇതിനു മുമ്പും കേരളം കണ്ടതാണ്. ആസൂത്രിതമായ വ്യാജ പ്രചാരണങ്ങള്‍ക്ക് ചില മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നു. കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്നവര്‍ക്ക് ഊര്‍ജം പകരരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സാമൂഹിക ആഘാത പഠനം നടത്താനുള്ള സര്‍വേ ആണ് ഇപ്പോള്‍ നടക്കുന്നത്. ഇത് ഒരിക്കലും ഭൂമി ഏറ്റെടുക്കാനുള്ള സര്‍വേ അല്ല. ആരുടെയൊക്കെ ഭൂമി നഷ്ടപെടുമെന്ന് ഇതിലൂടെയാണ് വ്യക്തമാകുന്നത്. അതിന് ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിക്കൂ. ഇപ്പോഴത്തെ സര്‍വേ കൊണ്ട് ആര്‍ക്കും ഒരു നഷ്ടവും സംഭവിക്കില്ല. അതിനു കല്ലിടുന്നത് കൊണ്ടു ഭൂമി ക്രയവിക്രയത്തിന് തടസം ഉണ്ടാകില്ല. സാമൂഹിക ആഘാത പഠനവും കഴിഞ്ഞു മാത്രമേ ഭൂമി ഏറ്റെടുക്കലിലേക്ക് കടക്കുകയുള്ളൂ. അതിലേക്ക് വരുമ്പോള്‍ എല്ലാവരെയും വിളിച്ച് അവര്‍ക്ക് നഷ്ടപ്പെടുന്ന സ്വത്തിനും കെട്ടിടങ്ങള്‍ക്കും ഉള്ള വിലയേക്കാള്‍ കൂടുതല്‍ നല്‍കി ഏറ്റെടുത്ത് സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും.
    ബഫര്‍ സോണിന്റെ കാര്യത്തില്‍ സില്‍വര്‍ ലൈന്‍ എംഡി പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല. സാങ്കേതിക പ്രശ്‌നങ്ങളില്‍ പിന്നീട് വ്യക്തത വരുത്തും. ഏറ്റെടുക്കുന്ന ഭൂമിക്ക് മാത്രമേ നഷ്ടപരിഹാരം നല്‍കേണ്ടതുള്ളൂ. ബഫര്‍ സോണില്‍ ഉള്ള ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ മാറ്റം വരുന്നില്ല. അത്തരം ഭൂമികള്‍ക്ക് വില കൊടുക്കുന്ന പതിവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
    സംസ്ഥാനത്ത് ഗതാഗതം സുഗമമാക്കാനുള്ള എല്ലാ മാര്‍ഗങ്ങളും സംസ്ഥാന സര്‍ക്കാര്‍ ആരായുകയാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് സില്‍വര്‍ ലൈന്‍. ഏറ്റവും സുരക്ഷിതമായ യാത്രാ സംവിധാനമാണിത്. 2050 ആകുമ്പോള്‍ കേരളത്തെ കാര്‍ബണ്‍ ബഹിര്‍ഗമനം കുറഞ്ഞ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യം. അത് മുന്‍ നിര്‍ത്തിയാണ് റോഡ് ഗതാഗത്തില്‍ നിന്ന് റെയില്‍ ഗതാഗതത്തിലേക്ക് ചുവടു മാറുന്നത്. അതിനുതകുന്ന പദ്ധതിയായി സില്‍വര്‍ ലൈനെ തെരഞ്ഞെടുത്തത് റെയില്‍വേ മന്ത്രാലയവുമായും മറ്റു വിദഗ്ധരുമായും ചര്‍ച്ച നടത്തി.
    എല്ലാ പാരിസ്ഥിതിക ആശങ്കകളെയും കണക്കിലെടുത്തായിരിക്കും പദ്ധതി നടപ്പാക്കുക. പരിസ്ഥിതി സംരക്ഷിക്കുന്ന വിധത്തിലാണ് പാത ക്രമീകരിച്ചിരിക്കുന്നത്. പരിസ്ഥിത ലോല പ്രദേശങ്ങളിലൂടെ പാത കടന്നു പോകുന്നില്ല. ജലാശയങ്ങളുടെ സ്വാഭാവിക നീരൊഴുക്കു തടസപ്പെടാതിരിക്കാന്‍ ഓവു ചാലുകളും പാസേജുകളും ഒരുക്കും. പദ്ധതിക്കായി 9394 കെട്ടിടങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. അതിന്റെ ഉടമസ്ഥര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസവും സമയബന്ധിതമായി നല്‍കും- മുഖ്യമന്ത്രി പറഞ്ഞു.

 

Latest News