Sorry, you need to enable JavaScript to visit this website.

എം.പിമാര്‍ക്കുനേരെ പോലീസ് കൈയേറ്റം; വിശദീകരണം ചോദിക്കുമെന്ന് ലോക്‌സഭാ സ്പീക്കര്‍

ന്യൂദല്‍ഹി-കേരളത്തില്‍ നിന്നുള്ള യു.ഡി.എഫ് എം.പിമാരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ദല്‍ഹി പോലീസ് കമീഷണര്‍ രാജേഷ് അസ്താനയെ വിളിച്ചുവരുത്തി വിശദീകരണം തേടുമെന്ന്  ലോക്‌സഭ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള എം.പിമാര്‍ക്ക് സ്പീക്കര്‍ ഉറപ്പുനല്‍കി. നടക്കാന്‍ പാടില്ലാത്ത കാര്യമാണ് പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന്  സ്പീക്കര്‍ പറഞ്ഞു.
പോലീസ് കൈയേറ്റം  ലോക്‌സഭ ചോദ്യോത്തരവേളയില്‍ ഉന്നയിച്ച എം.പിമാര്‍ തുടര്‍ന്ന് ചേംബറിലെത്തി സ്പീക്കറോട് വിശദീകരിക്കുകയായിരുന്നു.  

കെ റെയില്‍ പദ്ധതി തടയണമെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ പ്രതിഷേധിച്ച എം.പിമാര്‍ക്ക് നേരെയാണ് ദല്‍ഹി പോലീസിന്റെ അതിക്രമം. എം.പിമാരായ ഹൈബി ഈഡന്റെ മുഖത്തടിക്കുകയും ടി.എന്‍ പ്രതാപനെ പിടിച്ചു തള്ളുകയും ചെയ്തു. രമ്യ ഹരിദാസിനെ പുരുഷ പോലീസുകാര്‍ കൈപിടിച്ചു വലിക്കുകയും ചെയ്തിരുന്നു.
ഇ.ടി. മുഹമ്മദ് ബഷീര്‍, ആന്റോ ആന്റണി, രമ്യ ഹരിദാസ്, കെ. മുരളീധരന്‍, ബെന്നി ബഹനാന്‍ തുടങ്ങിയവര്‍ക്ക് നേരെയും കൈയേറ്റം നടന്നു. എം.പിമാരാണെന്ന ഐ.ഡി കാര്‍ഡ് കാണിച്ചിട്ടും പോലീസ് വെറുതെ വിട്ടില്ല.

കെ റെയില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് വിജയ്ചൗക്കില്‍ മാധ്യമങ്ങളെ കണ്ടശേഷം പാര്‍ലമെന്റിലേക്ക് നടന്നു പോകുകയായിരുന്ന എം.പിമാരെ  പൊലീസ് ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു.

 

Latest News