മോസ്‌കോ- യുക്രൈനെ ആക്രമിച്ച നടപടിയില്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി വിയോജിച്ച റഷ്യയുടെ സുസ്ഥിര വികസനകാര്യ അന്താരാഷ്ട്ര പ്രതിനിധി അനാറ്റൊലി ഷുബായിസ് പദവി രാജിവച്ച് റഷ്യ വിട്ടു. റഷ്യയുടെ പ്രഥമ ഉപപ്രധാനമന്ത്രിയും പ്രസിഡന്റിന്റെ ഓഫീസ് മേധാവിയും 1990കളില്‍ റഷ്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ചുരുക്കം വിദഗ്ധരില്‍ ഒരാളുമായ ഷുബായിസ് യുക്രൈന്‍ വിഷയത്തില്‍ പുടിനുമായി തെറ്റിപ്പിരിയുന്ന ആദ്യ ഉന്നതനാണ്. 66കാരനായ അദ്ദേഹം പാശ്ചാത്യ രാജ്യങ്ങളിലെ ഉന്നതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളു കൂടിയാണ്. റഷ്യ വിട്ട് എവിടേക്കാണ് പോയതെന്ന് വ്യക്തമല്ല. വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഷുബായിസ് മറുപടി നല്‍കിയില്ലെന്നാണ് റിപോര്‍ട്ട്.
റഷ്യന്‍ പ്രസിഡന്റിന്റെ ആസ്ഥാനമായ ക്രെംലിനില്‍ പുടിന്‍ ആദ്യമായി ജോലിക്കെത്തുമ്പോള്‍ 90കളില്‍ പുടിന്റെ ബോസ് ആയിരുന്നു ഷുബായി. പിന്നീട് പുടിന്റെ വളര്‍ച്ചയെ പിന്താങ്ങി കൂടെ നിന്നു. പല സര്‍ക്കാര്‍ കമ്പനികളുടേയും മേധാവിയായും തുടര്‍ന്നു. കഴിഞ്ഞ വര്‍ഷമാണ് സുസ്ഥിര വികസന പ്രതിനിധിയായി പുടിന്‍ ഷുബായിസിനെ നിയമിച്ചത്.