റിയാദ്- മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫയർ വിംഗ് ബത്ഹ ന്യൂ സഫാമക്ക പോളിക്ലിനിക്കിന്റെ സഹകരണത്തോടെ കഴിഞ്ഞ ഒരു മാസമായി നടത്തിവരുന്ന പരിരക്ഷ 2022 കിഡ്‌നി ആരോഗ്യ ബോധവൽക്കരണ കാമ്പയിൻ സമാപിച്ചു. ലോക വൃക്കരോഗ ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി 18 നാണ് ക്യാമ്പയിൻ ആരംഭിച്ചത്. സമാപനത്തോടനുബന്ധിച്ച് കഴിഞ്ഞ ശനിയാഴ്ച ന്യൂ സഫമക്ക പോളിക്ലിനിക്കിൽ നടന്ന സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത 150 പേർ പങ്കെടുത്തു. ക്യാമ്പ് ന്യൂ സഫമക്ക പോളിക്ലിനിക്ക് പ്രതിനിധികളായ വി.എം അഷ്‌റഫ്, അഡ്വ. അനീർ ബാബു എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. രാവിലെ ഒമ്പതിന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം ആറ് മണിക്കാണ് സമാപിച്ചത്.
കോവിഡ് കാല പ്രവർത്തനങ്ങൾ പരിഗണിച്ച് റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫയർ വിംഗുമായി സഹകരിച്ച് പ്രവർത്തിച്ച റിയാദിലെ വിവിധ ആശുപത്രികളിൽ സേവനം ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരം, വൃക്കരോഗം സംബന്ധിച്ചുള്ള ലഘുലേഖ വിതരണം, ലോക വൃക്കരോഗ ദിനമായ മാർച്ച് 10 ന് ആരോഗ്യ വിദഗ്ധരെ പങ്കെടുപ്പിച്ചുള്ള ആരോഗ്യവിചാരം സിമ്പോസിയം, സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് തുടങ്ങി വ്യത്യസ്ത പരിപാടികളാണ് കാമ്പയിനിന്റെ ഭാഗമായി നടന്നത്. തുടർ ചികിത്സ ആവശ്യമുള്ള രോഗികൾക്ക് സൗജന്യ ചികിത്സയും ന്യൂ സഫ മക്ക പോളിക്ലിനിക്ക് നൽകുന്നുണ്ട്. വെൽഫയർ വിംഗിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷങ്ങളിലും ഇതുപോലുള്ള ക്യാമ്പയിൻ നടത്തിയിരുന്നു.
പ്രവാസികൾക്കിടയിൽ വൃക്കരോഗം വർധിക്കുന്ന സാഹചര്യം കൂടിവരികയാണ്. ശരിയായ ഭക്ഷണക്രമവും ഉറക്കകുറവും രോഗ സാധ്യതകൾ വർധിക്കാൻ കാരണമാവുന്നുണ്ട്. മാനസിക പിരിമുറക്കം ഇല്ലാതാക്കാനും വ്യായാമം ശീലമാക്കാനും പ്രവാസികൾ പരിശ്രമിക്കണമെന്നും ക്യാമ്പിൽ സംബന്ധിച്ച ഡോ. അബ്ദുൽഅസീസ്, ഡോ. ഷാനവാസ്, ഡോ.അഖീൽ ഹുസൈൻ എന്നിവർ അഭിപ്രായപ്പെട്ടു. വെൽഫെയർ വിംഗ് ആക്ടിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, ഇസ്മായിൽ പടിക്കൽ, ഇസ്ഹാഖ് താനൂർ, നൗഫൽ തിരൂർ, ഷബീറലി വള്ളിക്കുന്ന്, ഹനീഫ മുതുവല്ലൂർ, ശിഹാബ് തങ്ങൾ വണ്ടൂർ, അബ്ദുൽ കരീം താനൂർ, ഫിറോസ് പള്ളിപ്പടി, ഫിറോസ് പൂക്കോട്ടൂർ, അബൂട്ടി തുവ്വൂർ, ജുനൈദ് ടി.വി താനൂർ, ശാഫി മാസ്റ്റർ തുവ്വൂർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.