ഭോപാല്‍- കശ്മീരിലെ പണ്ഡിറ്റുകളുടെ പാലായന ചരിത്രം വക്രീകരിച്ച് വിദ്വേഷപരമായി ചിത്രീകരിച്ച സിനിമയെന്ന് ആക്ഷേപം നേരിട്ട കശ്മീര്‍ ഫയല്‍സിനെ കുറിച്ച് അഭിപ്രായം പറഞ്ഞ മധ്യപ്രദേശിലെ മുസ്ലിം ഐഎഎസ് ഓഫീസര്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കുമെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. കശ്മീരി ഫയല്‍സ് നിര്‍മാതാക്കള്‍ വിവിധ സംസ്ഥാനങ്ങളില്‍ വന്‍തോതില്‍ മുസ്ലിംകളെ കൊലപ്പെടുത്തിയതിനെ കുറിച്ചും സിനിമ നിര്‍മിക്കണമെന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായ നിയാസ് ഖാന്‍ ഐഎഎസ് ട്വിറ്ററില്‍ കുറിച്ചത്. ന്യൂനപക്ഷങ്ങളുടെ വേദനയും ദുരനുഭവങ്ങളും ഇന്ത്യക്കാരുടെ മുന്നില്‍ അവതരിപ്പിക്കാന്‍ ആരെങ്കിലും സിനിമ പിടിക്കണം. മുസ്ലിം ന്യൂനപക്ഷം രാജ്യത്തെ പൗരന്മാരാണെന്നും കീടങ്ങളല്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ഓഫീസറുടെ അഭിപ്രായ പ്രകടനം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിശ്ചയിച്ച പരിധികള്‍ ലംഘിക്കുന്നതാണെന്നും ഗൗരവമേറിയ വിഷയമാണെന്നും മന്ത്രി നരോത്തം പറഞ്ഞു. ഓഫീസറുടെ എല്ലാ ട്വീറ്റുകളും കണ്ടു. സര്‍ക്കാര്‍ അദ്ദേഹത്തില്‍ നിന്ന് മറുപടി ആവശ്യപ്പെട്ട് കാരണംകാണിക്കല്‍ നോട്ടീസ് അയക്കും- മന്ത്രി പറഞ്ഞു.