ബെംഗളുരു- ഉത്സവങ്ങള്‍ നടക്കുന്ന ക്ഷേത്ര പരിസരങ്ങളില്‍ മുസ്ലിം കച്ചവടക്കാരെ സ്റ്റാളുകള്‍ കെട്ടാനും കച്ചവടം നടത്താനും അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയില്‍ പലയിടത്തും വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ തീവ്രഹിന്ദുത്വ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തി വാര്‍ത്തകളില്‍ നിറഞ്ഞ ഉഡുപ്പിയില്‍ ഹോസ മര്‍ഗുഡി ക്ഷേത്രത്തില്‍ നടക്കുന്ന പരമ്പരാഗത ഉത്സവത്തില്‍ ഇത്തവണ മുസ്ലിം കച്ചവടക്കാര്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. വര്‍ഷങ്ങളോളമായി ഹിന്ദു കച്ചവടക്കാര്‍ക്കൊപ്പം ഇവിടെ നൂറു കണക്കിന് മുസ്ലിം കച്ചവടക്കാരും സ്റ്റാളുകള്‍ കെട്ടി ഉത്സവകാല കച്ചവടം നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ മുസ്ലിംകള്‍ക്ക് പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.
കച്ചവടം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചിരുന്നുവെന്നും എന്നാല്‍ സ്ഥലം ഹിന്ദുക്കള്‍ക്ക് മാത്രമെ ലേലം ചെയ്യൂവെന്ന് അറിയച്ചതിനാല്‍ അംഗീകരിക്കേണ്ടി വന്നെന്നും ഉഡുപ്പിയിലെ തെരുവു കച്ചവടക്കാരുടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായ മുഹമ്മദ് ആരിഫ് പറയുന്നു. മുസ്ലിം കച്ചവടക്കാരെ വിലക്കിയത് വിഷമമുണ്ടെന്ന് ഹിന്ദു കച്ചവടക്കാരും പറയുന്നു.
വലതു പക്ഷ ഹിന്ദുത്വ സംഘടനകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ക്ഷേത്രഭരണ ചുമതലയുള്ളവര്‍ പറയുന്നു. ഹിജാബ് നിരോധന വിധിക്കെതിരെ കഴിഞ്ഞയാഴ്ച ബന്ധ് നടത്തിയിരുന്നു. ഇതായിരിക്കാം ഒരു കാരണമെന്ന് ആരിഫ് പറഞ്ഞു.
ക്ഷേത്രോത്സവ പരിസരങ്ങളില്‍ മുസ്ലിം കച്ചവടക്കാരെ അനുവദിക്കരുതെന്ന് ആവശ്യപ്പെടുന്ന പോസ്റ്ററുകള്‍ പതിച്ചവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.